എസ്എസ്എൽസി പരീക്ഷ ; കുട്ടികളെ വലയ്ക്കാതെ ആദ്യദിനം
Tuesday, March 5, 2024 1:05 AM IST
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയുടെ ആദ്യ ദിനത്തിൽ നടന്ന കേരള പാഠാവലിയുടെ ചോദ്യങ്ങൾ മികച്ച നിലവാരം പുലർത്തിയതായും കുട്ടികളെ കൂടുതൽ വലയ്ക്കാത്ത ചോദ്യങ്ങളായിരുന്നുവെന്നും പൊതുവെ വിലയിരുത്തൽ.
പുസ്തക വായനയ്ക്ക് അപ്പുറം അധിക വായനയും പൊതു അറിവും അവതരിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു കൂടുതലെന്ന് കലൂർ ഐപ്പ് മെമ്മോറിയൽ ഹൈസ്കൂൾ മലയാളം അധ്യാപകൻ എം.കെ. ബിജു അഭിപ്രായപ്പെട്ടു.
എന്നാൽ ഒന്നു മുതൽ അഞ്ചു വരെയുള്ള ബ്രാക്കറ്റിൽനിന്ന് ഉത്തരം കണ്ടെത്തി എഴുതാവുന്ന ചോദ്യങ്ങളിൽ ചിലത് വിദ്യാർഥികളെ വലച്ചു. വിദ്യാർഥികളെ കൂടുതൽ ബുദ്ധിമുട്ടിക്കാതെ മികച്ച നിലവാരം ഉറപ്പാക്കുന്നവയായിരുന്നു നാല് മാർക്കിന്റെ അര പേജിൽ ഉത്തരം എഴുതാനുള്ള ചോദ്യങ്ങൾ. ആറു ചോദ്യങ്ങളിൽ അഞ്ച് എണ്ണത്തിന് ഉത്തരം എഴുതിയാൽ മതി എന്നത് സമ്മർദം ഇല്ലാതെ തൃപ്തികരമായി ഉത്തരം എഴുതാൻ വിദ്യാർഥികൾക്ക് സഹായമായി.
മുഖപ്രസംഗം, ഉപന്യാസം, കവിതാസ്വാദനം എന്നിങ്ങനെ സ്ഥിരം ആവർത്തിക്കുന്ന ചോദ്യങ്ങളാണ് ആറു മാർക്കിന്റെ ചോദ്യമായി ഉണ്ടായിരുന്നത്. ഇവയെല്ലാം പ്രതീക്ഷിച്ച മാതൃകയിലുള്ളതും സ്കൂളുകളിൽ ആവർത്തിച്ചു പരിശീലിപ്പിച്ചവയുമായിരുന്നു. മുഴുവൻ പാഠഭാഗങ്ങളിൽനിന്നു നിശ്ചിത അനുപാതത്തിലും വ്യാകരണ വിഭാഗത്തിൽ നിന്നും ചോദ്യങ്ങൾ ഉൾപ്പെട്ടിരുന്നു. എല്ലാ വിഭാഗം വിദ്യാർഥികളും ഉത്തരം എഴുതണം എന്ന കാഴ്ചപ്പാടിൽ വിദ്യാർഥികളുടെ ഗ്രേഡ് കൃത്യമായി കണക്കാക്കാൻ കഴിയുന്ന തരത്തിലുള്ള ചോദ്യ പേപ്പറാണ് ഇത്തവണ തയാറാക്കിയിരുന്നത്.
പാഠഭാഗങ്ങളുടെ അകങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾക്കു വേഗത്തിൽ ഉത്തരം എഴുതാൻ കഴിയാത്തത് സമയത്തിനുള്ളിൽ പരീക്ഷ എഴുതി പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചു. കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി പരീക്ഷയും ഇത്തവണത്തെ മോഡൽ പരീക്ഷയുമായി താരതമ്യപ്പെടുത്തിയാൽ കേരള പാഠാവലി പരീക്ഷ വിദ്യാർഥികൾക്ക് അല്പം പ്രയാസം നേരിട്ടതായും ചില വിദ്യാർഥികൾ പരാതിപ്പെട്ടു.