കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടർ പിടിയിൽ
Tuesday, March 5, 2024 1:05 AM IST
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഡെപ്യുട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറെ വിജിലന്‍സ് പിടികൂടി. കോട്ടയം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിലെ ഡെപ്യൂട്ടി ഇന്സപെക്ടര് എസ്.എല്‍. സുമേഷിനെയാണ് 7,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഇന്നലെ പിടികൂടിയത്.
ശനിയാഴ്ച ജില്ലയിലെ ഒരു സ്വകാര്യ എയ്ഡഡ് സ്കൂളില്‍ സ്ഥാപിച്ചിട്ടുള്ള ലിഫ്റ്റിന്റെ വാര്‍ഷിക പരിശോധനയ്ക്ക് എത്തിയ സുമേഷ് 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ പാലായിലുള്ള പോളി ടെക്നിക്കില്‍ പരിശോധന നടത്താന്‍ എത്തുമ്പോള്‍ കൈക്കൂലി നല്‍കണമെന്ന് സ്കൂൾ അധികൃതരോട് ഇയാള്‍ നിര്‍ദേശിച്ചു.
ഇതോടെ പരാതിക്കാരന് വിവരം വിജിലന്‍സിനെ അറിയിച്ചു. ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം പരാതിക്കാരന് വിജിലന്‍സ് നല്കിയ പണം സുമേഷിനു കൈമാറുകയായിരുന്നു. ഈ സമയം സ്ഥലത്ത് കാത്തു നിന്ന വിജിലന്‍സ് സംഘം സുമേഷിനെ അറസ്റ്റ് ചെയ്തു.