നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയ കേസ് : പ്രതി പിടിയിൽ
Monday, March 4, 2024 5:05 AM IST
തിരുവനന്തപുരം: പേട്ടയിൽ രണ്ടു വയസുകാരിയായ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ. തെരുവിൽ അലഞ്ഞു നടക്കുന്ന അയിരൂർ സ്വദേശി കബീർ എന്ന ഹസൻ കുട്ടി (52)യാണ് പിടിയിലായത്. കൊല്ലത്ത് ചിന്നക്കടയിൽനിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു അറിയിച്ചു.
ഫെബ്രുവരി 19ന് പ്രതി കൊല്ലത്തുനിന്നു തന്പാനൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുകയായിരുന്നു. പിന്നീട് ചാക്ക, എയർപോർട്ട് ഭാഗത്തേക്ക് എത്തി. അവിടെ ഒരു കടയിൽനിന്നു കരിക്കു കുടിച്ചു. കുറെ നേരം ബസ് സ്റ്റോപ്പിൽ നിന്നു. അപ്പോഴാണ് മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുന്ന കുട്ടിയെ കണ്ടത്. രാത്രി 12നും ഒന്നിനും ഇടയിലാണ് ഇയാൾ കുട്ടിയെ തട്ടിയെടുത്തതെന്നു പോലീസ് പറഞ്ഞു.
മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ വായ പൊത്തിപ്പിടിച്ച് എടുത്തുകൊണ്ടു പോകുകയായിരുന്നു. കുട്ടിയുമായി കുറച്ചു ദൂരം നടന്നു. വായ പൊത്തിപ്പിടിച്ചതോടെ കുട്ടിക്കു ബോധം നഷ്ടപ്പെട്ടു. ഇതിൽ ഭയന്ന പ്രതി കുട്ടിയെ ഓടയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് വിശദീകരിച്ചു. കുട്ടിയെ ഉപേക്ഷിച്ച ശേഷം ഇയാൾ വീണ്ടും തന്പാനൂരിലെത്തി കൊല്ലത്തേക്കു ട്രെയിൻ കയറി.
പെണ്‍കുട്ടിയെ തട്ടിയെടുത്തത് ലൈംഗികമായി ഉപദ്രവിക്കാനായിരുന്നെന്നു പ്രതി പോലീസിനോടു പറഞ്ഞു. തെരുവിൽ അലഞ്ഞു നടക്കലാണ് ഇയാളുടെ പ്രധാന പണി. പ്രതിയെ പിടികൂടാൻ സഹായകമായത് നൂറിലധികം സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിൽ ലഭിച്ച സൂചനകളാണെന്ന് കമ്മീഷണർ പറഞ്ഞു. 2022ൽ മിഠായി വാങ്ങി നൽകാമെന്നു പറഞ്ഞ് ഇയാൾ ഒരു പെണ്‍കുട്ടിയെ ഉപദ്രവിച്ചിരുന്നു. ആ കേസിൽ ജയിലിൽ കഴിയുകയായിരുന്നു. ജനുവരി 12നാണ് ഇയാൾ കൊല്ലം ജയിലിൽനിന്നു പുറത്തിറങ്ങിയത്. ഇയാൾക്കെതിരേ എട്ടു കേസുകളുണ്ടായിരുന്നു.
ഭവനഭേദനം, ഓട്ടോ മോഷണങ്ങൾ തുടങ്ങി നിരവധി കേസുകളിൽ ഇയാൾ പിടിയിലായിട്ടുണ്ട്. ഇയാൾക്ക് ആരുമായും ബന്ധമില്ല. എഴുതാനോ വായിക്കാനോ അറിയില്ല. പ്രതിക്കെതിരേ പോക്സോ കേസ് രജിസ്റ്റർ ചെയ്യും.വായ പൊത്തിപ്പിടിച്ചത് കുട്ടിയുടെ മരണത്തിനുതന്നെ കാരണമായേക്കാമെന്ന നിരീക്ഷണത്തിൽ പ്രതിക്കെതിരേ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും കമ്മീഷണർ പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.