സിദ്ധാര്ഥന്റെ മരണം : ശക്തമായ നടപടി വേണമെന്നു സാംസ്കാരികനായകരുടെ കൂട്ടായ്മ
സ്വന്തം ലേഖകൻ
Monday, March 4, 2024 5:05 AM IST
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥനെ ആൾക്കൂട്ട വിചാരണ നടത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായ നടപടി വേണമെന്നു സാംസ്കാരികനായകർ സംയുക്തമായി ഒപ്പിട്ട പ്രതിഷേധക്കുറിപ്പിൽ ആവശ്യപ്പെട്ടു.
ജനാധിപത്യ ഭരണക്രമത്തിന്റെ ബലിഷ്ഠമായ പാഠങ്ങൾ വിദ്യാർഥികൾ അഭ്യസിക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തിയാണ് കലാലയങ്ങളിൽ രാഷ്ട്രീയ പ്രവർത്തനം അനുവദിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഇന്ന് കേരളത്തിലെ കലാലയങ്ങളിൽ സ്വേച്ഛാധിപത്യത്തിന്റെയും അക്രമത്തിന്റെയും ആസുരപഠനങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പൂക്കോട് വെറ്ററിനറി സർവകലാശാല കാന്പസിൽ സിദ്ധാർഥൻ എന്ന വിദ്യാർഥിയുടെമേൽ നടന്ന ആൾക്കൂട്ട വിചാരണയും തുടർന്നുണ്ടായ ദുരന്തവും.
സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഉന്നതമായ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന വിദ്യാർഥി സംഘടന എത്രമേൽ അധഃപതിച്ചിരിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തം കൂടിയാണിത്. കുറ്റകൃത്യങ്ങൾ മാനസികാവസ്ഥ ആയിട്ടുള്ള നേതാക്കളിൽ നിന്ന് അണികൾ പഠിക്കുന്ന പാഠാന്തരങ്ങളാണിത്. ഇതിനെ സങ്കുചിതമായ രാഷ്ട്രീയ വീക്ഷണത്തോടെ മാത്രം കാണുന്ന ഭരണ നേതൃത്വം കൂടിയാകുന്പോൾ കേരളീയ സമൂഹം ലജ്ജിച്ച് തല കുനിക്കുന്നു.
ലഹരിയുടെ പിൻബലത്തിൽ ഏത് അക്രമവും നടത്താമെന്ന ചിന്ത വിദ്യാർഥികളിൽ നിന്നെങ്കിലും പിഴുതെറിയാൻ ശ്രമിക്കാതെ ഇത്തരം പ്രവൃത്തികളെ നിരന്തരം പ്രോൽസാഹിപ്പിക്കുന്നവരെ തിരുത്താൻ സാമൂഹ്യബോധമുള്ള രാഷ്ട്രീയ കക്ഷികളും സാംസ്കാരിക സംഘടനകളും സജീവമായി ഇടപെടണമെന്നും കെപിസിസി സാംസ്കാരിക വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തയാറാക്കിയ സാംസ്കാരിക നായകരുടെ പ്രതിഷേധ കുറിപ്പിൽ ആവശ്യപ്പെട്ടു.
കൽപ്പറ്റ നാരായണൻ, ജോയ് മാത്യു, പെരുന്പടവം ശ്രീധരൻ, ഡോ. ജോർജ് ഓണക്കൂർ, ഡോ. പി.വി. കൃഷ്ണൻ നായർ, യു.കെ. കുമാരൻ, വി.ആർ. സുധീഷ്, അഷ്ടമൂർത്തി, ഒ.കെ. ജോണി, സുധാ മേനോൻ, ഒ.വി. ഉഷ, ഗ്രേസി, റോസ് മേരി, പി. സുരേന്ദ്രൻ, ബാലചന്ദ്രൻ വടക്കടത്ത്, എം.പി സുരേന്ദ്രൻ, ശ്രീധരനുണ്ണി, കെ.പി. സുധീര, കെ.എ. സെബാസ്റ്റ്യൻ, പന്തളം സുധാകരൻ, വി.ജി. തന്പി, റോസി തന്പി, വി.വി. കുമാർ, കാട്ടൂർ നാരായണപിള്ള, ഡോ. എം. ആർ. തന്പാൻ, ഡോ. വിളക്കുടി രാജേന്ദ്രൻ, ഡോ. നെടുമുടി ഹരികുമാർ, ശ്രീമൂലനഗരം മോഹൻ, പ്രതാപൻ തായാട്ട്, പ്രഫ.കെ.ശശികുമാർ, ചെറിയാൻ ഫിലിപ്പ്, ഡോ. ആഷാ വേണുഗോപാൽ, ഡോ. ആർസു, ഡോ.ടി.എസ്. ജോയി, പി.പി. ശ്രീധരനുണ്ണി, ആർ.എസ്. പണിക്കർ, ബി.ഡി. ദത്തൻ, കെ.കെ. പല്ലശന, പഴകുളം മധു, ബിന്നി സാഹിതി എന്നിവരാണ് പ്രസ്താവനയിൽ ഒപ്പിട്ടത്.