വന്യജീവി ആക്രമണം: ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് മുഖ്യമന്ത്രി
Monday, March 4, 2024 4:47 AM IST
കൊച്ചി: ജനവാസ മേഖലയില്‍ വന്യജീവികളുടെ ആക്രമണങ്ങള്‍ പ്രതിരോധിക്കുമ്പോള്‍ ജനങ്ങളുടെ സുരക്ഷയാണു പ്രധാനമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. വന്യജീവി ആക്രമണ പ്രതിരോധത്തിന് വലിയ പരിഗണന നല്‍കും. മേഖലകളില്‍ മന്ത്രിതല സംഘത്തിന്റെ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തും.
വനത്തിനോടു ചേര്‍ന്നു പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജനകീയ കമ്മിറ്റികള്‍ രൂപീകരിക്കും. കൃത്യമായ ഇടവേളകളില്‍ കമ്മിറ്റി യോഗം ചേര്‍ന്ന് പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ റെസിഡന്റ്സ് അസോസിയേഷന് പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട തീരുമാനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരള, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഇന്റര്‍ സ്റ്റേറ്റ് കോ-ഓർഡിനേഷന്‍ കമ്മിറ്റി രൂപവത്കരിക്കും. കമ്മിറ്റിയില്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ പങ്കാളിത്തം ഉറപ്പുവരുത്തും. ജനവാസ മേഖലയില്‍ പോലീസ് സഹായത്തോടെ ജാഗ്രതാ നിർദേശങ്ങള്‍ പുറപ്പെടുവിക്കും. വന്യജീവി ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്കു മള്‍ട്ടി സൂപ്പര്‍ സ്പെഷാലിറ്റി സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ ലഭ്യമാക്കും. ധനസഹായം നിലവില്‍ നല്‍കുന്നുണ്ട്.
റവന്യു, ഫോറസ്റ്റ്, തദ്ദേശസ്വയംഭരണം, പട്ടികജാതി വികസനം തുടങ്ങിയ വകുപ്പുകളുടെ കമാന്‍ഡ് കണ്ട്രോള് സെന്റര്‍ ആരംഭിക്കും. പുതിയ രണ്ട് റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. അതിര്‍ത്തി മേഖലകളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കും. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനെ സ്പെഷല്‍ ഓഫീസറായി നിയമിക്കും. രാത്രികാല നിരീക്ഷണം ശക്തിപ്പെടുത്തും. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.