കേരള കർഷക യൂണിയൻ സംസ്ഥാന കർഷക നേതൃത്വസംഗമം കോട്ടയത്ത്
Monday, March 4, 2024 4:47 AM IST
കോട്ടയം: കർഷകരോടും കാർഷിക മേഖലയോടും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അവഗണനകൾക്കെതിരേയുള്ള പ്രചാരണ പരിപാടികൾക്ക് രൂപം നൽകാനും സംസ്ഥാന വ്യാപകമായി നടന്നു വരുന്ന പ്രാദേശിക സമര പരിപാടികൾ തുടർ സമരങ്ങളാക്കി ശക്തിപ്പെടുത്താനുമായി കേരള കർഷക യൂണിയൻ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ ആറിന് രാവിലെ 11ന് കോട്ടയം കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസ് ഹാളിൽ സംസ്ഥാനതല കർഷക നേതൃത്വ സംഗമം നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ജെയിംസ് നിലപ്പന അറിയിച്ചു.
സർക്കാരുകൾക്കെതിരേയുള്ള കർഷക മുന്നേറ്റത്തിനായി 20 പാർലമെന്റ് മണ്ഡലങ്ങളിലേയും നിയോജകമണ്ഡലം-മണ്ഡല തലങ്ങളിൽ കർഷക സ്ക്വാഡുകൾ രൂപീകരിച്ച് യുഡിഎഫ് കർഷക സംഘടനകളോടുചേർന്ന് പ്രവർത്തനങ്ങൾ ക്രമീകരിക്കാൻ സംസ്ഥാനതലത്തിൽ 20 ടീമുകൾക്ക് രൂപം നൽകും.
കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കർഷക യൂണിയൻ സംസ്ഥാനപ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ അധ്യക്ഷത വഹിക്കും. നേതാക്കളായപി.സി തോമസ്, മോൻസ് ജോസഫ് എംഎൽഎ , ജോയി ഏബ്രാഹം, ടി.യു. കുരുവിള, തോമസ് ഉണ്ണിയാടൻ, സജി മഞ്ഞക്കടമ്പിൽ, ജെയ്സൺ ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.
പാർട്ടി ഡെപ്യൂട്ടി ചെയർമാനും കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥിയുമായ കെ. ഫ്രാൻസിസ് ജോർജിന് സ്വീകരണം നൽകും.
കർഷക യൂണിയൻ സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകുമെന്നും ജനറൽ സെക്രട്ടറി ജോസ് ജയിംസ് അറിയിച്ചു..