ജെറിന്റെ പോരാട്ടം വിജയംകണ്ടു; തിയറ്ററുകള്‍ ഇനി ഭിന്നശേഷി സൗഹൃദം
സിജോ പൈനാടത്ത്
Monday, March 4, 2024 4:47 AM IST
കൊച്ചി: ‘മഞ്ഞുമ്മല്‍ ബോയ്സ്’ കണ്ടു വീല്‍ചെയറില്‍ തിയറ്ററിനു പുറത്തേക്കിറങ്ങുമ്പോള്‍, ജെറിന്റെ മുഖത്തു വിടര്‍ന്ന പുഞ്ചിരിയില്‍ അസാധാരണമായ ഒരു അഭിമാനത്തിളക്കമുണ്ടായിരുന്നു. താന്‍ ഉള്‍പ്പെടെ ഭിന്നശേഷിക്കാര്‍ക്കു സിനിമ കാണുന്നതിനു തിയറ്ററുകളില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നിയമപോരാട്ടങ്ങളില്‍ വിജയം കണ്ടതിന്റെ അഭിമാനം.
കടുത്ത സിനിമ പ്രേമിയാണെങ്കിലും ഒമ്പതു വര്‍ഷത്തിനു ശേഷമാണ് എറണാകുളം വടക്കേക്കര സ്വദേശിയായ ജെറിന് ജോണ്സന് തിയറ്ററിലെത്തി സിനിമ കാണുന്നത്. വീല്ചെയറിലെത്തുന്നവര്ക്കു തിയറ്ററിലേക്കെത്താനാവുന്ന വിധത്തില്‍ റാമ്പുകള്‍ നിര്‍മിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍ ആരംഭിച്ചതോടെയാണ് ബിഗ് സ്ക്രീനില്‍ സിനിമ കാണാനുള്ള അദ്ദേഹത്തിന്റെ മോഹം പൂവണിഞ്ഞത്.
ജനിതക രോഗമായ മസ്കുലര്‍ ഡിസ്ട്രോഫി (ജിഎന്ഇ മയോപ്പതി) ബാധിച്ചു തളര്‍ന്നുപോയതിനെത്തുടര്‍ന്ന് വര്‍ഷങ്ങളായി വീല്‍ ചെയറിലാണ് ജെറിന്റെ ജീവിതം. അപ്പോഴും സിനിമയോടുള്ള ഇഷ്ടം തെല്ലും തളര്‍ന്നില്ല. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഉള്‍പ്പെ ടെ സിനിമാ രംഗത്തെ പ്രമുഖരെയെല്ലാം വീല്‍ചെയറിലിരുന്നു സന്ദര്‍ശിച്ചു തന്റെ സിനിമാപ്രേമത്തിന് അടിവരയിട്ടു.
2016ലെ ഭിന്നശേഷി അവകാശ നിയമത്തില്‍ പൊതുകെട്ടിടങ്ങള്‍ ഭിന്നശേഷി സൗഹൃദമാകണമെന്ന് പറയുന്നുണ്ടെങ്കിലും ഭൂരിഭാഗം സിനിമാ തിയറ്ററുകളിലും അത് നടപ്പിലാക്കിയിരുന്നില്ലെന്നു ജെറിന് പറയുന്നു. പല ടൗണുകളിലെയും തിയറ്റര്‍ അധികൃതരോട് ജെറിന് തന്നെ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഫലം കണ്ടില്ല.
തിയറ്ററുകള്‍ പൊതു കെട്ടിടങ്ങളില്‍ ഉള്‍പ്പെടുമെന്ന് വ്യക്തമാക്കുന്ന വിവരാവകാശ നിയമ പ്രകാരമുള്ള രേഖകളും മറ്റ് അപേക്ഷകളുമായി വിഷയത്തില്‍ മുഖ്യമന്ത്രിക്കു പരാതി നല്കി. കഴിഞ്ഞ ഒക്ടോബറില്‍ സംസ്ഥാനത്തെ തിയറ്ററുകള്‍ ഭിന്നശേഷി സൗഹൃദമാക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. അപ്പോഴും തീരുമാനം നടപ്പാക്കാന്‍ മടിച്ച തിയറ്റര്‍ അധികൃതര്‍ക്കു മുന്നില്‍ തദ്ദേശസ്ഥാപനങ്ങളുടെ പിന്തുണയോടെ നിയമപരമായ സമ്മര്‍ദം ജെറിന് ശക്തമാക്കി. നിയമം നടപ്പാക്കുന്നതിനായുള്ള ജെറിന്റെ പോരാട്ടത്തിന്റെ കഥ ‘ദീപിക’ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഒടുവില്‍ കൊടുങ്ങല്ലൂര്‍ ലക്ഷ്മി തിയറ്ററില്‍ സര്‍ക്കാര്‍ ഉത്തരവു പ്രകാരം റാമ്പ് നിര്‍മിച്ചു. കുടുംബാംഗങ്ങള്‍ക്കൊപ്പം ജെറിന് തിയറ്ററിലെത്തി സിനിമ ആസ്വദിക്കുകയും ചെയ്തു. മധ്യകേരളത്തിലെ പത്തോളം തിയറ്ററുകളില്‍ റാമ്പുകള്‍ നിര്‍മിച്ചു. കൂടുതല്‍ സ്ഥലങ്ങളില്‍ ഇതു സ്ഥാപിക്കാനുള്ള നിയമപോരാട്ടം തുടരുമെന്നും ജെറിന് പറഞ്ഞു. മസ്കുലര്‍ ഡിസ്ട്രോഫി- എസ്എംഎ രോഗബാധിതരുടെ സംഘടനയായ മൊബിലിറ്റി ഇന്‍ ഡിസ്ട്രോഫി (മൈന്‍ഡ്) സംഘടനയുടെ കോ ഓര്‍ഡിനേറ്ററാണു ജെറിന്.