കൊലയാളി ആന കാണാമറയത്ത്; അണപൊട്ടി ജനരോഷം
Monday, February 12, 2024 2:08 AM IST
കാട്ടിക്കുളം(മാനന്തവാടി): വടക്കേ വയനാട്ടിലെ പയ്യന്പള്ളി ചാലിഗദ്ദയിൽ ശനിയാഴ്ച രാവിലെ കർഷകൻ പനച്ചിയിൽ അജീഷിനെ ചവിട്ടിക്കൊലപ്പെടുത്തിയ മോഴയെ (ബേലൂർ മഖ്ന) ഉൾവനത്തിലേക്ക് തുരത്താനോ മയക്കുവെടിവച്ചു പിടിക്കാനോ കഴിയാതെ വനസേന.
സന്നാഹം ഒരുക്കിയെങ്കിലും മയക്കുവെടി പ്രയോഗത്തിന് അവസരം ഒത്തില്ല. ഈ സാഹചര്യത്തിൽ ആനയെ പിടിക്കാനുള്ള നീക്കം താത്കാലികമായി നിർത്തിവച്ചു.
രാവിലെ മുതൽ റേഡിയോ കോളറിൽനിന്നുള്ള സിഗ്നലുകൾ ട്രാക്ക് ചെയ്ത് സ്ഥാനം മനസിലാക്കിയെങ്കിലും ആനയെ മയക്കുവെടി വച്ചു പിടിക്കാത്തതിൽ ജനം രോഷംകൊണ്ടു. കാട്ടിൽനിന്നു മടങ്ങുകയായിരുന്ന വയനാട് വൈൽഡ് ലൈഫ് വാർഡൻ ദിനേശ്കുമാർ ഉൾപ്പെടുന്ന വനപാലകസംഘത്തെ ജനക്കൂട്ടം കാട്ടിക്കുളം ചേലൂർ മണ്ണുണ്ടി കോളനിക്കു സമീപം തടഞ്ഞുവച്ചു. നാട്ടുകാരിൽ ചിലർ വനം വകുപ്പിന്റെ വാഹനത്തിനു മുന്നിൽ കിടന്നു പ്രതിഷേധിച്ചു. ആനയെ പിടിക്കാൻ വനസേന ശുഷ്കാന്തി കാട്ടിയില്ലെന്ന് അവർ ആരോപിച്ചു.
ആന സമീപത്തുള്ളപ്പോൾ സുരക്ഷിതമായി രാത്രി എങ്ങനെ തള്ളിനീക്കുമെന്ന ആശങ്ക മറ്റു ചിലർ പങ്കുവച്ചു. രാത്രിയോടെയാണ് ജനക്കൂട്ടം പിരിഞ്ഞത്. വനസേന പ്രദേശത്ത് ജാഗ്രതയിലാണ്.
അജീഷിനെ കൊലപ്പെടുത്തിയതിനു പിന്നാലെ പടമലക്കുന്നിലേക്ക് നീങ്ങിയ ആനയുടെ സാന്നിധ്യം ഇന്നലെ രാവിലെ വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി റേഞ്ചിലുള്ള മണ്ണുണ്ടി ഭാഗത്താണ് സ്ഥിരീകരിച്ചത്.
ഉച്ചകഴിഞ്ഞപ്പോൾ സംസ്ഥാന അതിർത്തിയിലെ ബാവലിക്കു സമീപം ചെന്പകപ്പാറ വനത്തിലാണ് ആന ഉണ്ടായിരുന്നത്. ഇവിടെ സൗകര്യപ്രദമായ ഇടത്ത് ഒത്തുകിട്ടിയാൽ ആനയ്ക്ക് മയക്കുവെടി പ്രയോഗിക്കാനായിരുന്നു വനസേനയുടെ പദ്ധതി. മോഴ ആനയെ തുരത്താനായില്ലെങ്കിൽ മയക്കുവെടിവച്ച് പിടിക്കാനാണ് ശനിയാഴ്ച സംസ്ഥാന മുഖ്യ വനപാലകൻ ഉത്തരവായത്.
ദൗത്യത്തിൽ സഹായിക്കുന്നതിന് നാല് കുംകിയാനകളെ സ്ഥലത്ത് എത്തിച്ചിരുന്നു. ആർആർ ടീം അംഗങ്ങളും മൂന്ന് വെറ്ററിനറി സർജൻമാരും ഉൾപ്പെടുന്ന സംഘം മയക്കുവെടി പ്രയോഗിക്കാൻ കാടുകയറിയപ്പോൾ ആശ്വാസത്തിലായിരുന്നു ജനം.
മുന്നൊരുക്കത്തിന്റെ ഭാഗമായി ബാവലിയിലും സമീപങ്ങളിലും താമസിക്കുന്നവർക്ക് ജാഗ്രതാനിർദേശം നൽകിയിരുന്നു. മൈസൂരു റോഡിൽ കാട്ടിക്കുളം രണ്ടാം ഗേറ്റ് മുതൽ ബാവലി വരെ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.
എന്നാൽ, വനസേനയുടെയും നാട്ടുകാരുടെയും അനുമാനം തെറ്റിച്ച് ആന ചെന്പകപ്പാറ വനത്തിൽനിന്നു മാറി. ആന കർണാടക വനത്തിലേക്ക് മാറിയാൽ കേരളത്തിൽനിന്നുള്ള സംഘത്തിന് മയക്കുവെടി പ്രയോഗിക്കാൻ കഴിയില്ല എന്നത് സാഹചര്യം സങ്കീർണമാക്കി.
വയനാട്ടിൽ നാളെ "മനഃസാക്ഷി’ ഹർത്താലിന് ഫാർമേഴ്സ് റിലീഫ് ഫോറം ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. വന്യമൃഗ ആക്രമണത്തിൽനിന്നു മനുഷ്യരുടെ ജീവനും ജീവനോപാധികൾക്കും സംരക്ഷണം നൽകുന്നതിൽ അധികാരികൾ കാട്ടുന്ന വീഴ്ചയിൽ പ്രതിഷേധിച്ചാണ് രാവിലെ ആറു മുതൽ വൈകുന്നേരം അഞ്ചുവരെ ഹർത്താൽ ആഹ്വാനം ചെയ്തതെന്നു ഫോറം ജില്ലാ ചെയർമാൻ പി.എം. ജോർജ് അറിയിച്ചു.