പാവക്കൂത്തിൽ രാജകുമാരന്റെയും രാജകുമാരിയുടെയും കഥ പറഞ്ഞ് എസ്. ആകാശ്
Sunday, December 3, 2023 1:27 AM IST
തിരുവനന്തപുരം: ഉടയാടകളണിയിച്ചു സുന്ദരരൂപത്തിൽ തയാറാക്കിയ രാജകുമാരന്റെയും രാജകുമാരിയുടെയും പാവകൾ. ഇവരുടെ പ്രണയസംഭാഷണങ്ങളാണ് എസ്. ആകാശ് തന്റെ പാവക്കൂത്തിലൂടെ ഒരു പ്രണയകാവ്യം പോലെ അവതരിപ്പിച്ചത്.
പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ അരങ്ങേറുന്ന പ്രവൃത്തി പരിചയമേളയിലെ പാവക്കൂത്ത് മത്സരങ്ങളിൽ ആകാശിന്റെ കഥ ഏറെ പ്രശംസനീയമായി. പാവകളുടെ ചലനങ്ങൾക്കനുസരിച്ച് അതിമനോഹരമായി കഥ പറഞ്ഞ ആകാശ് വിധികർത്താക്കളുടെയും മനം കവർന്നു.
കൊല്ലം ബിജെഎസ്എം മഠത്തിൽ വിഎച്ച്എസ് സ്കൂളിലെ എട്ടാം ക്ലാസുകാരനായ ആകാശ് രണ്ടാംക്ലാസ് മുതൽ പാവക്കൂത്ത് രംഗത്തുണ്ട്. തന്റെ ക്ലാസ് ടീച്ചറാണ് തന്നെ ഈ രംഗത്തേക്കു കൂട്ടിക്കൊണ്ടുവന്നതെന്ന് ആകാശ് പറയുന്നു. ജില്ലയിലും ഉപജില്ലയിലും എ ഗ്രേഡ് കരസ്ഥമാക്കിയ ആകാശിന് പാവക്കൂത്തിൽ പുത്തൻ കഥകൾ രചിക്കണമെന്നാണ് ആഗ്രഹം.