പദ്മകുമാർ കസ്റ്റഡിയിലായത് അവിശ്വസനീയം
Saturday, December 2, 2023 2:03 AM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: ഓയൂർ പൂയ്യപ്പള്ളിയിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പദ്മകുമാറിനെ കസ്റ്റഡിയിലെടുത്തു എന്നത് നാട്ടുകാർക്ക് അവിശ്വസനീയമായി.
പൊതുവേ സൗമ്യനായ പദ്മകുമാർ അധികമാരുമായി അടുപ്പം കാണിക്കാത്ത സ്വഭാവക്കാരനുമായിരുന്നു. ചാത്തന്നൂർ ജംഗ്ഷന് സമീപം സി പി ഐ ഓഫീസായ പി.രവീന്ദ്രൻ സ്മാരകമന്ദിരത്തിനടുത്താണ് പദ്മകുമാറിന്റെ കവിതാലയം എന്ന വീട്.
പോലീസ് വെള്ളിയാഴ്ച ചിറക്കരയിൽ നിന്നും കസ്റ്റഡിയിലെടുത്ത കല്ലുവാതുക്കൽ മണ്ണയം സ്വദേശിയായ ഓട്ടോ ഡ്രൈവർ സലാവുദീന്റെയും പരവൂരിൽനിന്നു ലഭിച്ച ചില സി സി ടി വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പദ്മകുമാറിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം സലാവുദീന്റെ ഓട്ടോയിൽ ഇവർ യാത്ര ചെയ്തിരുന്നു.
പദ്മകുമാറിനെ വ്യാഴാഴ്ച പകൽ കൊല്ലത്ത് വച്ച് പലരും കണ്ടിരുന്നു. എന്നാൽ വൈകുന്നേരത്തോടെ വീട് പൂട്ടി ഭാര്യ കവിത, മകൾ അനുപമ എന്നിവരോടൊപ്പം പോയതാണ്. പദ്മകുമാറിന് രണ്ടു കാറുകളും ഒരു ബൈക്കുമുണ്ട്. ഇതിലൊരു കാറിലാണ് യാത്ര പോയത്. ചെങ്കോട്ടയ്ക്കടുത്ത് സംസ്ഥാന അതിർത്തിയായ പുളിയറയിൽ നിന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. പദ്മകുമാറിന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
എൻജിനിയറിംഗ് ബിരുദധാരിയാണ് പദ്മകുമാർ എന്നറിയുന്നു. മുമ്പ് ചാത്തന്നൂരിൽ ബേക്കറി നടത്തിയിരുന്നു. കേബിൾ ടിവി സ്ഥാപനവും നടത്തിയിരുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസാണ്.
വീട്ടിൽ നായകളെ വളർത്തുന്ന ഹോബിയുള്ള ആളാണ് പദ്മകുമാർ. ചിറക്കര ഉൾപ്പെടെ പല സ്ഥലങ്ങളിലും പദ്മകുമാറിന് വസ്തുക്കളുണ്ട്.
കുട്ടിയുമായി തിങ്കളാഴ്ച രാത്രി കഴിഞ്ഞത് ചിറക്കര ഭാഗത്താണെന്ന സംശയം ആദ്യം മുതലേയുണ്ട്. സാമാന്യം സമ്പന്നനായ പദ്മകുമാർ മോചനദ്രവ്യത്തിനായി ഇത്തരമൊരു ക്രൂരത ചെയ്യുമെന്ന് വിശ്വാസിക്കാനേ കഴിയില്ല.
തട്ടികൊണ്ടുപോകലിന്റെ ലക്ഷ്യം പദ്മകുമാറിനെ ചോദ്യം ചെയ്താൽ മാത്രമേ വ്യക്തമാകുകയുള്ളൂ. സംഭവമറിഞ്ഞ് പദ്മകുമാറിന്റെ വീട്ടിൽ രാത്രി വൈകിയും ആളുകൾ തടിച്ചുകൂടുകയായിരുന്നു.