പ്രഫ. എസ്. ബിജോയ് നന്ദൻ പുതിയ കണ്ണൂര് വിസി
Saturday, December 2, 2023 2:03 AM IST
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തു നിന്നു ഗോപിനാഥ് രവീന്ദ്രനെ പുറത്താക്കിയ സുപ്രീം കോടതി വിധിക്കു പിന്നാലെ കണ്ണൂർ സർവകലാശാല വിസിയുടെ ചുമതല ഡോ.എസ്. ബിജോയ് നന്ദനു നൽകി ഗവർണറുടെ തീരുമാനം.
സംസ്ഥാന സർക്കാരിന്റെ ശിപാർശ തേടാതെയാണു സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ തീരുമാനം.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മറൈൻ സയൻസസിലെ സീനിയർ പ്രഫസറാണ് ഡോ.എസ്. ബിജോയ് നന്ദൻ. നിലവിലുള്ള ജോലിക്കു പുറമേയാണ് ബിജോയ് നന്ദന് വിസിയുടെ ചുമതല കൂടി നൽകി രാജ്ഭവൻ അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.
മുൻപ് ഫിഷറീസ് സർവകലാശാലാ വിസിയുടെ ചുമതല നൽകുന്നതിനു സീനിയർ പ്രഫസർമാരുടെ പട്ടിക ഗവർണർ ചോദിച്ചിരുന്നു. അന്നത്തെ പട്ടികയിൽ ബിജോയ് നന്ദനും ഉൾപ്പെട്ടിരുന്നു.
സർക്കാരിനോടു ചോദിക്കാതെ തന്നെ ഇദ്ദേഹത്തെ നിയമിക്കാൻ ഗവർണർ തീരുമാനിക്കുകയായിരുന്നു.കുസാറ്റിലെ മറൈൻ സയൻസസ് ഡീനും മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി ഡിപ്പാർട്മെന്റിലെ സീനിയർ പ്രഫസറുമാണ് ഡോ. ബിജോയ് നന്ദൻ.