മുഖ്യമന്ത്രിമാരിൽ പാതി വനിതകൾ; കോൺഗ്രസ് സ്വപ്നം പങ്കുവച്ച് രാഹുൽ
Saturday, December 2, 2023 1:09 AM IST
കൊച്ചി: സംഘപരിവാർ രാഷ്ട്രീയത്തിലും അധികാരം പങ്കിടുന്നതിലും സ്ത്രീകളെ അകറ്റിനിർത്തിയെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. അടുത്ത പത്തു വർഷത്തിനകം രാജ്യത്ത് പകുതിയിലധികം വനിതാ മുഖ്യമന്ത്രിമാർ കോൺഗ്രസിന്റെ സ്വപ്നമാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിൽ മഹിളാ കോൺഗ്രസ് സംസ്ഥാന കൺവൻഷൻ (ഉത്സാഹ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി. പുരുഷ കേന്ദ്രീകൃതമാണ് ആർഎസ്എസ് നേതൃത്വം. വനിതാ സംവരണബിൽ പാർലമെന്റിൽ പാസാക്കിയശേഷം അതു നടപ്പാക്കുന്നതു പത്തു വർഷം കഴിഞ്ഞാണെന്നു പറയുന്നതു സംഘപരിവാറിന്റെ പൊള്ളത്തരമാണ്.
സ്വാതന്ത്ര്യസമരത്തിൽ മുനിനിരയിലായിരുന്നു സ്ത്രീകൾ. സ്ത്രീകൾ നേതൃനിരകളിൽ വരുന്നതു ഗാന്ധിജി പ്രോത്സാഹിപ്പിച്ചു. കോൺഗ്രസിന്റെ ചരിത്രം പരിശോധിച്ചാൽ കരുത്തരായ വനിതാ നേതാക്കളെ കാണാം. എങ്കിലും രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് ഇപ്പോഴും വിവേചനമുണ്ട്. പല കാര്യങ്ങളിലും പുരുഷന്മാരേക്കാൾ മുന്നിലാണു സ്ത്രീകളെന്നതു കാണാതെപോകരുത്.
മറ്റു രാഷ്ട്രീയകക്ഷികളിൽനിന്നു വ്യത്യസ്തമായി കോൺഗ്രസിലെ വനിതകൾ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയമെന്തെന്ന് നാം ആർജവത്തോടെ വിളിച്ചുപറയണം. അത് വെറുപ്പിന്റെ വർത്തമാനത്തിലെ സ്നേഹത്തിന്റെ ഭാഷയാണ്. വിദ്വേഷപ്രചാരകരായ മോദി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസിലെ വനിതകളുടെ മുന്നേറ്റത്തിനു വലിയ പങ്കുവഹിക്കാനുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി അധ്യക്ഷത വഹിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സെക്രട്ടറി താരിഖ് അൻവർ, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മഹിളാ കോൺഗ്രസ് ദേശീയ പ്രസിഡന്റ് നെറ്റ ഡിസൂസ, തുടങ്ങിയ ദേശീയ, സംസ്ഥാന നേതാക്കൾ, എംപിമാർ, എംഎൽഎമാർ, മഹിളാ കോൺഗ്രസ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
കേരളീയ വേഷത്തിലുള്ള രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും ചിത്രം രാഹുൽ ഗാന്ധിക്ക് ഉപഹാരമായി കൈമാറി. മറൈൻ ഡ്രൈവിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിനു മഹിളാ കോൺഗ്രസ് പ്രതിനിധികൾ പങ്കെടുത്തു.