സ്റ്റിൽ മോഡലിൽ മരങ്ങാട്ടുപിള്ളി സെന്റ് തോമസ്
Saturday, December 2, 2023 1:08 AM IST
തിരുവനന്തപുരം: എച്ച്എസ് വിഭാഗം സ്റ്റിൽ മോഡലിൽ മരങ്ങാട്ടുപിള്ളി സെന്റ് തോമസ് സ്കൂളിലെ മിന്നാ ആൻ നിജോയ്, സെബ്രീന എന്നിവർ അവതരിപ്പിച്ച ഷെയ്ൽ ഗ്യാസിന്റെ മാതൃകയ്ക്ക് ഒന്നാം സ്ഥാനം.
നമ്മുടെ രാജ്യത്ത് ഉത്പാദിപ്പിക്കാൻ സാധിക്കുന്നതും അന്തരീക്ഷ മലിനീകരണം ഇല്ലാത്തതുമായ ഒരു ഇന്ധനത്തെക്കുറിച്ചാണ് ഈ വിദ്യാർഥിനികൾ തങ്ങളുടെ സ്റ്റിൽ മോഡലിലൂടെ സംവദിക്കുന്നത്. അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ നേരിയതോതിൽ മാത്രം ഉൽപാദിപ്പിക്കുന്ന ഒരു ഇന്ധനമാണ് ഇത്. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഏകദേശം 1000 മുതൽ 3000 വരെ മീറ്റർ ആഴത്തിൽ കാണപ്പെടുന്ന ഒരു ലെയർ ആണ് ഷെയ്ൽ ലെയർ.
ഈ പാറയ്ക്കുള്ളിൽ വലിയതോതിൽ മീഥെയ്ൻ വാതകം അടങ്ങിയിരിക്കുന്നു. ഇത് പെട്രോളിനും ഡീസലിനും പകരമായി വാഹനങ്ങൾ ഓടിക്കാൻ ഉപയോഗിക്കാവുന്ന ഒരു ഇന്ധനമണ്. ഇതിനെ ഷെയ്ൽ ഗ്യാസ് എന്നാണ് പറയുന്നത്.
ഭൂമിയുടെ ഉപരിതലത്തിൽ എത്തിയാൽ ഇത് ശുദ്ധീകരിച്ചെടുക്കണം. നാല് സ്റ്റേജുകളിലായാണ് ഇത് ചെയ്യുന്നത്. പെട്രോളിയം ശുദ്ധീകരിക്കുന്നതുമായി താരതമ്യം ചെയ്യുന്പോൾ ഇത് ചെലവ് കുറഞ്ഞതും ലളിതവുമാണെന്ന് ഈ വിദ്യാർഥിനികൾ പറയുന്നു.
അതേസമയം ശുദ്ധീകരിക്കുന്പോൾ അതിൽ നിന്നും ലഭിക്കുന്ന ഓരോ ഉപ ഉത്പന്നങ്ങളും പുനരുപയോഗിക്കാവുന്നതാണ്. ഷെയ്ൽ ഗ്യാസ് ശുദ്ധീകരിക്കുന്നതിനു സോളാർ പാനലിൽ നിന്നും ലഭിക്കുന്ന ചെറിയ എനർജി മതിയാകും.
ഇന്ത്യയിൽ രാജ്യവിസ്തൃതിയുടെ 15 ശതമാനത്തോളം ഷെയ്ൽ റോക്ക് ഉണ്ടെന്നാണ് നിഗമനം. മാത്രമല്ല ഷെയിൽ റോക്ക് ഉള്ള പ്രദേശങ്ങൾ ജനവാസം കുറവുള്ള സ്ഥലങ്ങളാണ്. ഇതും ഇന്ത്യയിൽ ഷെയ്ൽ ഗ്യാസ് ഉത്പാദനത്തെ സഹായിക്കുന്ന ഘടകമാണെന്നും മിന്നായും സെബ്രീനയും പറയുന്നു.