രാഷ്ട്രം കെട്ടിപ്പടുത്തത് സത്യത്തിനുമുകളിൽ; സത്യം ജനങ്ങളോട് വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കും: രാഹുൽഗാന്ധി
Saturday, December 2, 2023 1:08 AM IST
കണ്ണൂർ: രാഷ്ട്രം കെട്ടിപ്പടുത്തത് സത്യത്തിനു മുകളിലാണെന്നും സത്യമെന്ന് തനിക്ക് ഉത്തമബോധ്യമുള്ള കാര്യങ്ങൾ ജനങ്ങളോട് വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കുമെന്നും മുൻ എഐസിസി പ്രസിഡന്റ് രാഹുൽ ഗാന്ധി എംപി.
ചെറുകഥയുടെ കുലപതി ടി. പദ്മനാഭന് പ്രിയദർശിനി പ്രഥമ സാഹിത്യപുരസ്കാരം സാധു കല്യാണമണ്ഡപത്തിലെ നിറഞ്ഞ സദസിനെ സാക്ഷിയാക്കി സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
നമ്മളെക്കാൾ ആർജവത്തോടെ എഴുത്തുകാർക്ക് സത്യങ്ങൾ വിളിച്ചുപറയാൻ സാധിക്കും. എനിക്ക് ഇന്ത്യയിലെ ജനങ്ങളോട് ഉത്തരവാദിത്വങ്ങളുണ്ട്. അതുകൊണ്ടാണ് സത്യങ്ങൾ ജനങ്ങളെ അറിയിക്കാനായി വിളിച്ചുപറയുന്നത്.
സത്യം തുറന്നു പറയുന്നത് ചില സമയങ്ങളിൽ തന്നെ അപകടത്തിലാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഭരണാധികാരികൾ നുണകൾ പ്രചരിപ്പിക്കുകയാണ്. ഒരുപാട് നുണകൾക്ക് താഴെയായി സത്യങ്ങളെ അമർത്തിവച്ചാലും അവ ഒരിക്കൽ പുറത്തുവരികതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സത്യങ്ങൾ എഴുത്തുകാരെപ്പോലെ തുറന്നുപറയാൻ ആഗ്രഹിക്കുന്നയാളാണ് ഞാൻ. ടി. പദ്മനാഭൻ തന്റെ ജീവിതത്തിൽ പുലർത്തിപ്പോരുന്ന സത്യങ്ങൾതന്നെയാണ് അദ്ദേഹത്തിന്റെ എഴുത്തും.
ഇത്തരത്തിൽ പ്രവർത്തിക്കാൻ എല്ലാവർക്കും കഴിയില്ല. കേരളത്തിൽ ഓരോ തവണ വരുമ്പോഴും വ്യത്യസ്ത മുഖങ്ങളെയും സംസ്കാരങ്ങളെയും മനസിലാക്കാൻ ശ്രമിക്കാറുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.