ഭൂമി കേസുകൾ തീർപ്പാക്കാൻ അഡീഷണൽ നിയമ സെക്രട്ടറി
Thursday, October 5, 2023 2:19 AM IST
തിരുവനന്തപുരം: ഭൂമി സംബന്ധമായ കേസുകളിൽ വേഗത്തിൽ തീർപ്പാക്കാനും നിയമോപദേശത്തിനുമായി അഡീഷണൽ നിയമ സെക്രട്ടറിയുടെ പുതിയ തസ്തിക സൃഷ്ടിക്കാനുള്ള ശിപാർശ മന്ത്രിസഭായോഗം അംഗീകരിച്ചു.
ലാൻഡ് റവന്യു കമ്മീഷണറേറ്റിൽ ലോ ഓഫീസർ തസ്തികയിൽ നിയമിക്കുന്നതിനായി അഡീഷണൽ നിയമ സെക്രട്ടറി (ലാൻഡ്) യെ നിയമിക്കണമെന്ന റവന്യു മന്ത്രി കെ. രാജന്റെ ശിപാർശ മന്ത്രിസഭ അംഗീകരിച്ചു.
ഏറെ സങ്കീർണമായ ഒട്ടേറെ ഭൂമിസംബന്ധമായ കേസുകളുമായി കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന റവന്യു വകുപ്പിന്റെ ലാൻഡ് റവന്യു കമ്മീഷണറേറ്റിലേക്ക് അഡീഷണൽ നിയമ സെക്രട്ടറി റാങ്കിൽ നിയമ ഓഫീസർ വേണമെന്ന ആവശ്യത്തിനാണ് ഇതോടെ അനുമതിയായത്.
ജില്ലകളിൽ ഭൂമിസംബന്ധമയ കേസുകളിൽ കളക്ടർമാരെ സഹായിക്കാൻ നിയമ ഉദ്യോഗസ്ഥരുണ്ട്. ഇവർക്ക് ആവശ്യമായ നിർദേശം ഇനി നിയമ അഡീഷണൽ സെക്രട്ടറി നൽകും. നിയമ അഡീഷണൽ സെക്രട്ടറിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും ഭൂമി സംബന്ധമായ കേസുകളിൽ അന്തിമതീരുമാനം എടുക്കുക.
പട്ടയ മിഷൻ, പട്ടയ അസംബ്ലി ഉൾപ്പെടെ സംഘടിപ്പിച്ച് എല്ലാവർക്കും ഭൂമി എന്ന റവന്യു വകുപ്പിന്റെ മുദ്രാവാക്യത്തിനു കരുത്തു പകരുന്നതാണ് തീരുമാനമെന്നു മന്ത്രി കെ. രാജൻ പറഞ്ഞു.