ആരോഗ്യവകുപ്പിലെ കോഴ വിവാദം: റഹീസ് അറസ്റ്റിൽ
Wednesday, October 4, 2023 1:36 AM IST
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് കോഴവാങ്ങിയെന്ന ആരോപണത്തിൽ ഇടനിലക്കാരൻ അഖിൽ സജീവിന്റെ സുഹൃത്ത് റഹീസ് അറസ്റ്റിൽ. വ്യാജ ഇ-മെയിൽ ഐഡി ഉണ്ടാക്കിയതുമായി ബന്ധപ്പെട്ടാണ് റഹീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കോഴ വിവാദവുമായി ബന്ധപ്പെട്ട് ബാസിത്, അഡ്വ. റഹീസ് എന്നിവരെ ഇന്നലെ പോലീസ് വീണ്ടും ചോദ്യം ചെയ്തിരുന്നു. കന്റോണ്മെന്റ് സ്റ്റേഷനിൽ എത്തിച്ചാണ് ഇരുവരെയും വിശദമായി ചോദ്യം ചെയ്തത്. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് റഹീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ആദ്യത്തെ അറസ്റ്റാണ് റഹീസിന്റേത്.
അതേസമയം, കേസിൽ അഖിൽ സജീവനെയും ലെനിനെയും പ്രതി ചേർത്തു. വഞ്ചനക്കുറ്റം, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കന്റോണ്മെന്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇരുവരും പണം വാങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണിത്.