വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
Wednesday, October 4, 2023 1:36 AM IST
മാനന്തവാടി: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. തലപ്പുഴ ചുങ്കം പൊയിലിൽ കഴിഞ്ഞ ദിവസം രാത്രി അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തി.
വെളിയത്ത് ജോണി, തൊഴലാപുത്തൻപുര സാബു എന്നിവരുടെ വീടുകളിലാണു മാവോയിസ്റ്റ് സംഘമെത്തിയത്. സെപ്റ്റംബർ 28ന് കന്പമലയിൽ കെഎഫ്ഡിസി ഓഫീസ് അടിച്ചുതകർത്ത മാവോയിസ്റ്റ് സംഘത്തിൽപ്പെട്ടവരാണു ചുങ്കം പൊയിലിൽ വന്നതെന്നാണ് പോലീസിന്റെ അനുമാനം.
ചുങ്കം പൊയിലിൽ സാബുവിന്റ വീട്ടിലാണ് സംഘം ആദ്യമെത്തിയത്. ഇവിടെനിന്നു ഭക്ഷണസാധനങ്ങൾ ശേഖരിച്ച ശേഷമാണു ജോണിയുടെ വീട്ടിലെത്തിയത്. രാത്രി 7.45 മുതൽ പത്തര വരെ ഇവിടെ ചെലവഴിച്ച സംഘം മൊബൈൽ ഫോണുകളും ലാപ്ടോപ്പും ചാർജ് ചെയ്തു. കന്പമല ആക്രമണവുമായി ബന്ധപ്പെട്ടു വാർത്ത വന്ന ദിവസത്തെ പത്രത്തിലെ കട്ടിംഗ് ശേഖരിച്ചു. ചായ കുടിച്ചശേഷമാണു സംഘം മടങ്ങിയത്.