രക്തം മാറി നൽകിയ സംഭവം: രണ്ടു ഡോക്ടർമാരെ പിരിച്ചുവിട്ടു
Sunday, October 1, 2023 1:33 AM IST
പൊന്നാനി: പൊന്നാനി നഗരസഭയുടെ മാതൃ- ശിശു ആശുപത്രിയിൽ എട്ടുമാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ ശക്തമായ നടപടിയുമായി ആരോഗ്യവകുപ്പ്.
സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന താത്്കാലിക ഡോക്ടർമാരായ ഡോ. സൈദ് വിക്രി, ഡോ. അമൽ ചന്ദ്രൻ എന്നിവരെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. സ്റ്റാഫ് നഴ്സിനെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്തു.
രക്തക്കുറവിനെ തുടർന്ന് കഴിഞ്ഞ മാസം 25ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച എട്ടുമാസം ഗർഭിണിയായ പാലപ്പെട്ടി സ്വദേശി പുതുയിരുത്തി കഴുങ്ങുംതോട്ടത്തിൽ അസ്ലമിന്റെ ഭാര്യ റുക്സാന (26)യ്ക്കാണ് രക്തം മാറ്റി നൽകിയത്.
മറ്റൊരു ഗർഭിണിക്ക് കയറ്റേണ്ട രക്തമാണ് റുക്സാനക്ക് നൽകിയത്. ഒ നെഗറ്റീവ് രക്തത്തിനു പകരം ബി പോസിറ്റീവ് രക്തം കയറ്റിയതു ഗുരുതര വീഴ്ചയെന്നാണ് മലപ്പുറം ജില്ലാ മെഡിക്കൽ വിഭാഗം കണ്ടെത്തിയത്. രണ്ടു കുപ്പി രക്തം ആവശ്യമുണ്ടായിരുന്ന റുക്സാനയ്ക്ക് 26, 27 തീയതികളിൽ രക്തം നൽകിയിരുന്നു.
എന്നാൽ 28ന് മറ്റൊരു ഗർഭിണിക്കായി എത്തിച്ച രക്തം മാറ്റിനൽകിയതായി അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാർക്കെതിരേ അടിയന്തര നടപടി സ്വീകരിച്ചത്.
യുവതിയുടെ നില മെച്ചപ്പെട്ടു
തൃശൂർ: ഗ്രൂപ്പ് മാറി രക്തം നൽകിയതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലപ്പുറം സ്വദേശിനി റുക്സാനയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. ഗർഭസ്ഥ ശിശുവിനും മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറഞ്ഞു.