ആരോഗ്യ വകുപ്പിലെ നിയമനത്തിനു കോഴ; അഖിൽ സജീവിനെ പ്രതിചേർക്കും
Sunday, October 1, 2023 1:33 AM IST
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം മെഡിക്കൽ ഓഫീസർ നിയമനത്തിനു കോഴ വാങ്ങിയെന്ന പരാതിയിൽ ഇടനിലക്കാരൻ അഖിൽ സജീവിനെ പോലീസ് പ്രതിചേർക്കും.
പരാതിക്കാരനായ ഹരിദാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അഖിൽ സജീവിനെ പ്രതിയാക്കാനുള്ള നടപടികൾ കന്റോണ്മെന്റ് പോലീസ് ആരംഭിച്ചു.
മരുമകൾക്ക് ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനത്തിനു അപേക്ഷ നൽകി കാത്തിരുന്നപ്പോഴാണ് നിയമനം ഉറപ്പ് നൽകി പത്തനംതിട്ട സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിലെ ഓഫീസ് സെക്രട്ടറിയായിരുന്ന അഖിൽ സജീവ് തന്നെ സമീപിച്ചതെന്നായിരുന്നു ഹരിദാസ് പോലീസിൽ നൽകിയ മൊഴി.
കന്റോണ്മെന്റ് പോലീസ് കഴിഞ്ഞദിവസം ഹരിദാസിന്റെ മലപ്പുറത്തെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. സ്ഥിരനിയമനത്തിനായി 15 ലക്ഷം രൂപ നൽകിയാൽ നിയമനം ഉറപ്പാണെന്ന് അഖിൽ സജീവ് തന്നോട് പറഞ്ഞിരുന്നുവെന്നാണ് ഹരിദാസിന്റെ മൊഴി.
അഖിൽ സജീവിന്റെ നിർദേശാനുസരണം മന്ത്രിയുടെ ഓഫീസിനു പുറത്തുവച്ച് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ നൽകിയെന്നായിരുന്നു ഹരിദാസ് ആരോപിച്ചത്. 75000 രൂപ അഖിൽ സജീവിനും നൽകിയിരുന്നു.
താത്കാലിക നിയമനത്തിന് അഞ്ച് ലക്ഷവും സ്ഥിരപ്പെടുത്തുന്നതിന് ഉൾപ്പെടെ 15 ലക്ഷം രൂപയുടെ ഡീൽ ആയിരുന്നു ഉറപ്പിച്ചിരുന്നത്. പണം ഗഡുക്കളായി നൽകാനായിരുന്നു അഖിൽ സജീവ് നിർദേശിച്ചത്. സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് നിയമനം സ്ഥിരപ്പെടുത്തുമെന്നും അപേക്ഷ കൊടുത്ത് കാത്തിരുന്നാൽ നിയമനം ലഭിക്കില്ലെന്നും അഖിൽ സജീവ് വിശ്വസിപ്പിച്ചതിനാലാണ് പണം നൽകിയതെന്നാണ് ഹരിദാസ് അന്വേഷണസംഘത്തോടു പറഞ്ഞിരിക്കുന്നത്.
അതേസമയം സെക്രട്ടേറിയറ്റ് അനക്സിലെ മന്ത്രി വീണാ ജോർജിന്റെ ഓഫീസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും കുടുതൽ തളിവുകൾ ലഭിച്ചിട്ടില്ല. സെക്രട്ടേറിയറ്റിനു മുന്നിലെ ഹരിദാസിന്റെ ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പണം കൈമാറുന്ന ദൃശ്യങ്ങൾ ഇതിൽ ഇല്ല.
പരാതിക്കാരൻ ഹരിദാസും സുഹൃത്ത് ബാസിദുമാണ് പോലീസിനു ലഭിച്ച ദൃശ്യങ്ങളിലുള്ളത്.