പുതിയ പാര്‍ട്ടിയുണ്ടാക്കുമ്പോള്‍ മന്ത്രിയും എംഎല്‍എയും മറ്റു ജനപ്രതിനിധികളും അതിന്റെ ഭാഗമാകാതെ പുറത്തുനില്‍ക്കേണ്ടിവരും. എന്നാല്‍ പ്രാദേശിക പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്തതിനാല്‍ പ്രശ്നമില്ലെന്ന അഭിപ്രായക്കാരും ഉണ്ട്. അതുകൊണ്ടാണ് നിയമപരമായ കാര്യങ്ങള്‍ പഠിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. പുതിയ പാര്‍ട്ടിയുണ്ടാക്കി എസ്പിയില് ലയിക്കാനാണ് ആലോചന.
ജെഡിഎസിന് ആര്‍ജെഡിയില്‍ ലയിക്കാന്‍ താല്പര്യമുണ്ടെങ്കിലും എല്‍ജെഡി-ആര്‍ജെഡി ലയനം ഈ മാസം കോഴിക്കോട്ടു നടക്കുന്നതിനാല്‍ തല്ക്കാലം വേണ്ടെന്ന് വയ്ക്കുകയാണുണ്ടായത്.
നിലപാട് അറിയിക്കണമെന്ന് സിപിഎം തിരുവനന്തപുരം: ജനതാദൾ-എസ് ബിജെപി ഘടകകക്ഷിയായി എൻഡിഎയിൽ ചേരാൻ തീരുമാനിച്ച സാഹചര്യത്തിൽ സംസ്ഥാനത്തു സ്വീകരിക്കുന്ന നിലപാട് കേരള ഘടകം വേഗത്തിൽ അറിയിക്കണമെന്നു സിപിഎം നേതൃത്വം നിർദേശിച്ചു.
ദേവഗൗഡ നേതൃത്വം നൽകുന്ന ജനതാദൾ- എസ് ബിജെപി മുന്നണിയുടെ ഭാഗമായിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും ഇതേച്ചൊല്ലി പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്ന സാഹചര്യത്തിലുമാണ് നിലപാടു വ്യക്തമാക്കാൻ നിർദേശിച്ചത്.
ഇന്നലെ തീരുമാനം അറിയിക്കാമെന്ന് ജെഡിഎസ് സംസ്ഥാന നേതാക്കൾ നേരത്തേ വ്യക്തമാക്കിയിരുന്ന സാഹചര്യത്തിലാണ് സിപിഎം വിശദീകരണം തേടിയത്. ഏഴിനു ചേരുന്ന യോഗത്തിനു ശേഷം തീരുമാനം അറിയിക്കാമെന്നാണ് ഇപ്പോൾ വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം, ബിജെപി മുന്നണിയോട് യോജിക്കാനാവില്ലെന്ന നിലപാട് ദേവഗൗഡയെ ധരിപ്പിക്കാനായി ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യു.ടി. തോമസും മന്ത്രി കെ. കൃഷ്ണൻകുട്ടിയും ഇന്ന് ബംഗലൂരുവിൽ എച്ച്.ഡി. ദേവഗൗഡയെ കാണും.