കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എം.കെ. കണ്ണന് ‘വിറയല്‍’
Saturday, September 30, 2023 1:28 AM IST
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യംചെയ്യലിനോടു സഹകരിക്കാതെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ. കണ്ണന്. ചോദ്യം ചെയ്യലിനിടെ വിറയല്‍ അനുഭവപ്പെടുന്നെന്ന് അറിയിച്ചതോടെ നടപടികള്‍ പൂര്‍ത്തിയാക്കാനാകാതെ വിട്ടയച്ചതായി ഇഡി അറിയിച്ചു.
കണ്ണന് ചോദ്യംചെയ്യലുമായി സഹകരിച്ചില്ലെന്ന് ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കേസിന്റെ നിര്‍ണായക ഘട്ടത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ കണ്ണന് നിസഹകരണ സമീപനം സ്വീകരിച്ചതോടെ കൂടിയാലോചനകള്‍ക്കുശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. അതേസമയം, തനിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിട്ടല്ല ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചതെന്നും ഇഡിയുടെ നടപടികള്‍ സൗഹൃദപരമായിരുന്നെന്നും കണ്ണന് പ്രതികരിച്ചു.
ഇന്നലെ രാവിലെ 11ന് അഭിഭാഷകയ്ക്കൊപ്പമാണ് ഇയാള്‍ ഇഡി ഓഫീസിലെത്തിയത്. ഉച്ചകഴിഞ്ഞ് മൂന്നിനുശേഷം ഇഡി വിട്ടയച്ചതിനെത്തുടര്‍ന്ന് തൃശൂരിലേക്ക് മടങ്ങുകയും ചെയ്തു.
ചോദ്യങ്ങള്‍ക്കു കൃത്യമായി മറുപടി നല്‍കിയില്ലെന്നും മൊഴികളില്‍ നിരവധി പൊരുത്തക്കേടുകള്‍ ഉള്ളതായും ഇഡി വ്യക്തമാക്കി. എന്നാല്‍ തനിക്ക് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്ന് ചോദ്യം ചെയ്യലിനുശേഷം പുറത്തിറങ്ങിയ കണ്ണന് വ്യക്തമാക്കി.
കുടുംബത്തെ പേടിപ്പിക്കാന്‍ ആരോ പ്രചരിപ്പിച്ചതാണ്. തനിക്കു ദേഹാസ്വാസ്ഥ്യം ഉണ്ടായിട്ടില്ല. സൗഹാര്‍ദപരമായാണ് ഇഡി തന്നോട് ഇടപെട്ടത്. ചോദ്യം ചെയ്യാന്‍ ഇനി വിളിപ്പിച്ചാല്‍ ഹാജരാകും. നിയമപരമായി എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയും. ഇഡിയുടെ ഒരു ഔദാര്യവും തനിക്ക് ആവശ്യമില്ലെന്നും എം.കെ. കണ്ണന് പറഞ്ഞു.
ഇതു രണ്ടാം തവണയാണ് കണ്ണനെ ഇഡി ചോദ്യം ചെയ്യുന്നത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായുള്ള ബന്ധത്തിലും കണ്ണന് നേതൃത്വം നല്കുന്ന ബാങ്കില്‍ നടന്ന ദുരൂഹമായ ഇടപാടുകളിലുമാണ് ഇഡി അന്വേഷണം. കണ്ണന് പ്രസിഡന്റായി തുടരുന്ന തൃശൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്കിലാണ് കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി സതീഷ്കുമാര്‍ മിക്ക ഇടപാടും നടത്തിയിട്ടുള്ളത്.
കിരണും സതീഷ്കുമാറും തമ്മിലുള്ള കള്ളപ്പണ കൈമാറ്റം കണ്ണന്റെയും എ.സി. മൊയ്തീന്റെയും അറിവോടെയാണെന്നും ഇഡി സംശയിക്കുന്നുണ്ട്.
""മുഖ്യമന്ത്രി ഞങ്ങളുടെ നേതാവല്ലേ, അതുകൊണ്ട് കണ്ടു’'
കൊച്ചി: മുഖ്യമന്ത്രി തങ്ങളുടെ നേതാവായതുകൊണ്ടാണ് അദ്ദേഹത്തെ കണ്ടതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.കെ. കണ്ണന്. ഇഡിക്കു മുന്നില്‍ ഹാജരാകുന്നതിനു മുമ്പ് മുഖ്യമന്ത്രിയെ കണ്ടതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇഡി ചോദ്യംചെയ്യലും ഇതും തമ്മില്‍ ബന്ധവുമില്ല. താന്‍ പാര്‍ട്ടിക്കാരനാണെന്നു പറഞ്ഞ കണ്ണൻ, പാര്‍ട്ടിയുടെ സംരക്ഷണം ഉണ്ടാകുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും പറഞ്ഞു. കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടാം തവണ ഇഡിക്കു മുന്നില്‍ ഹാജരാകുന്നതിനുമുമ്പ് തൃശൂര്‍ രാമനിലയത്തില്‍ എം.കെ. കണ്ണന് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത് ചര്‍ച്ചയായിരുന്നു.
സതീഷിന് ഉന്നതബന്ധമെന്ന് ഡ്രൈവർ
തൃശൂർ: കരുവന്നൂർ ബാങ്കിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസിലെ പ്രതി സതീഷ്കുമാറിനു സിപിഎമ്മിലെ ഉന്നതരുമായി ബന്ധമെന്നു ഡ്രൈവർ. ഇ.പി. ജയരാജൻ, എം.കെ. കണ്ണൻ, മുൻ എസ്പി ആന്റണി എന്നിവരുമായി ബന്ധമുണ്ടെന്നാണ് ഇയാൾ സ്വകാര്യ ചാനലിനോടു വെളിപ്പെടുത്തിയത്.
ഇ.പി. ജയരാജൻ സതീഷ്കുമാറിനെ പലവട്ടം സഹായിച്ചിട്ടുണ്ട്. ഇരുവരും തൃശൂർ രാമനിലയത്തിലടക്കം നിരവധി തവണ കൂടിക്കാഴ്ച നടത്തി. ഗൾഫിൽ ഇരുവർക്കും സൂപ്പർമാർക്കറ്റുണ്ട്. ബിസിനസുമായി ബന്ധപ്പെട്ട ഫണ്ടുകൾ പാസാക്കാൻ സതീഷ് കുമാർ എം.കെ. കണ്ണനെ വിളിച്ച് ആവശ്യപ്പെടാറുണ്ട്.
സതീഷ്കുമാർ കള്ളപ്പണം വെളുപ്പിച്ചു. ഇതിൽ മന്ത്രിമാരുടെ പണവുമുണ്ട്. പോലീസ് സേനയിലും അടുത്ത ബന്ധം. ഇടപാടിൽ മുൻ എസ്പി ആന്റണിക്കു നിക്ഷേപമുണ്ട്. സതീഷിന്റെ വാഹനമാണ് എസ്പി ഉപയോഗിച്ചതെന്നും ഡ്രൈവർ പറഞ്ഞു.