നിക്ഷേപകരുടെ പണം നല്‍കിയില്ല; കെടിഡിഎഫ്സിക്ക് കോടതിയുടെ വിമര്‍ശനം
Saturday, September 30, 2023 1:28 AM IST
കൊച്ചി: സര്‍ക്കാര്‍ ഗാരന്റിയില്‍ നിക്ഷേപിച്ച പണം തിരികെ നല്‍കുന്നില്ലെന്നാരോപിച്ചു നല്കിയ ഹർജിയിൽ കേരള ട്രാന്‍പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍ഷല്‍ കോര്പറേഷന് ഹൈക്കോടതിയുടെ വിമര്‍ശനം.
കോല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലക്ഷ്മിനാഥ് ട്രേഡ് ലിങ്ക് നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് കെടിഡിഎഫ്സിക്കെതിരേ കോടതി വിമര്‍ശനമുന്നയിച്ചത്. ഹര്‍ജിയില്‍ റിസര്‍വ് ബാങ്കിനെ കക്ഷി ചേര്‍ക്കുന്നതിന് ഉത്തരവിട്ട കോടതി ഹര്‍ജി പിന്നീട് പരിഗണിക്കാനായി മാറ്റി.
ഹർജി പരിഗണിച്ചപ്പോൾ, എന്തുകൊണ്ടാണ് പണം തിരികെ നല്‍കാത്തതെന്ന് കോടതി ചോദിച്ചു. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണമുള്ളതിനാലാണ് പണം നല്‍കാത്തതെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഹര്‍ജിയില്‍ റിസര്‍വ് ബാങ്കിനെ കക്ഷി ചേര്‍ക്കുന്നതിന് കോടതി ഉത്തരവിട്ടത്.
കെടിഡിഎഫ്സിയില്‍ പണം നിക്ഷേപിച്ച പലര്‍ക്കും സമയപരിധി കഴിഞ്ഞിട്ടും ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും പണം തിരിച്ചുനല്‍കിയില്ലെന്നും സര്‍ക്കാര്‍ ഗാരന്റി യില്‍ നിക്ഷേപിച്ച പണം നല്‍കുന്നതിന് സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരുടെ ആശങ്ക പരിഗണിക്കപ്പെടേണ്ടതാണെന്ന് കോടതി പറഞ്ഞു. അതേസമയം ഇത്തരം സ്ഥാപനത്തില്‍ ആലോചനയില്ലാതെ പണം നിക്ഷേപിച്ചതിന് ഹര്‍ജിക്കാരെയും കോടതി വിമര്‍ശിച്ചു.
സാമ്പത്തിക പരാധീനത മൂലം കെടിഡിഎഫ്സി അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിക്ഷപകര്‍ കൂട്ടത്തോടെ എത്തി പണം തിരികെ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് കെടിഡിഎഫ്സി നടപ്പാക്കുന്നത്. ഹര്‍ജി കോടതി പിന്നീട് പരിഗണിക്കും.