റോഡിൽ സീബ്രാ ലൈനുകള്‍: നിര്‍ദേശം നടപ്പാക്കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി
Saturday, September 30, 2023 1:28 AM IST
കൊച്ചി: സംസ്ഥാനത്തെ പ്രധാന റോഡുകളില്‍ സീബ്രാ ലൈനുകള്‍ കൃത്യമായി അടയാളപ്പെടുത്തണമെന്ന നിര്‍ദേശം നടപ്പാക്കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി.
സീബ്രാ ക്രോസിംഗ് റൂള്‍സ് നടപ്പാക്കണമെന്ന് ഉത്തരവു നല്കിയ മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രൻ വ്യക്തമാക്കി. പിഡബ്ല്യുഡി സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ട്രാഫിക് ഐജി എന്നിവര്‍ ഓണ്‍ലൈനിലൂടെ ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി നിർദേശിച്ചു.
ഹര്‍ജി പരിഗണിക്കവേ, സംസ്ഥാനത്തെ ട്രാഫിക് ലൈറ്റുകള്‍ പലയിടത്തും ശരിയായ രീതിയിലല്ല സ്ഥാപിച്ചിരിക്കുന്നതെന്ന് കോടതി വിലയിരുത്തി.
കഴിഞ്ഞ ജനുവരി 25ന് കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ കഴിയുന്ന തരത്തില്‍ മുഖ്യറോഡുകളിലെല്ലാം സീബ്രാലൈനുകള്‍ കൃത്യമായി അടയാളപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മാത്രമല്ല, ഇതുസംബന്ധിച്ച നടപടികള്‍ സ്വീകരിക്കേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രധാന ചുമതലയാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ പത്തു മാസം കഴിഞ്ഞിട്ടും ‘സീബ്ര ക്രോസിംഗ് റൂള്‍സ്’ ഫലപ്രദമായി നടപ്പാക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞില്ല. ഈ അവസരത്തിലാണ് ഹൈക്കോടതി ഉദ്യോഗസ്ഥരുടെ നടപടികളെ വിമര്‍ശിച്ചത്.
കൊച്ചിയിലും നടപ്പായില്ല
കൊച്ചിയിലുള്‍പ്പെടെ പ്രധാന ജംഗ്ഷനുകളിലും മറ്റും നിര്‍ദേശങ്ങള്‍ നടപ്പാക്കിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, ട്രാഫിക് ലൈറ്റുകളും പലയിടത്തും ശരിയായ രീതിയിലല്ല സ്ഥാപിച്ചിരിക്കുന്നതെന്നും കോടതി പറഞ്ഞു.
ഒക്ടോബര്‍ ആറിന് ഹര്‍ജി പരിഗണിക്കുന്പോൾ വിശദീകരണം നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. നടപടികള്‍ പലതും സ്വീകരിച്ചിട്ടും ഒന്നും ഫലപ്രദമാകുന്നില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന് അറിയിച്ചു. സംസ്ഥാനത്തെ ഗതാഗത സംസ്കാരമാണു മാറേണ്ടത്. എന്നാല്‍ ഇതിനു കൂടുതല്‍ സമയമെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പോലീസും പിഡബ്ല്യുഡി അധികൃതരും സീബ്രാ ലൈന്‍ മുറിച്ചുകടക്കല്‍ നിര്‍ദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ ഏറെ ശ്രമിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.