അതിദാരിദ്ര്യ നിർമാർജന രംഗത്ത് പുരോഗതി: പിണറായി വിജയൻ
Saturday, September 30, 2023 1:28 AM IST
തൃശൂർ: അതിദാരിദ്ര്യ നിർമാർജന രംഗത്തു കേരളം പുരോഗതി നേടിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ കിഴക്കേക്കോട്ട ലൂർദ് പള്ളി ഹാളിൽ മേഖലാതല അവലോകന യോഗത്തിൽ തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
2025ൽ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമാകും. വിവിധ മേഖലകളിൽ കേരളത്തിനുണ്ടായ നേട്ടങ്ങളുടെ മാറ്റുവർധിപ്പിക്കുന്ന ചുവടുവയ്പായി ഇതു മാറും. ലൈഫ് പദ്ധതി തദ്ദേശസ്ഥാപന തലത്തിൽ മികച്ച രീതിയിൽ നടക്കാൻ സെക്രട്ടറിതല ഇടപെടലുണ്ടാകണം.
നിസാരകാര്യങ്ങളുടെ പേരിൽ നിർമാണത്തിനു തടസം നിൽക്കരുത്. ജലജീവൻ മിഷൻ പദ്ധതിക്കു ഭൂമി ലഭ്യമാക്കാനും മാലിന്യസംസ്കരണ രംഗത്തും ഇടപെടലുണ്ടാകണം. കുടിവെള്ള പരിശോധനയ്ക്ക് എംഎൽഎ ഫണ്ടുപയോഗിച്ചു ഹയർസെക്കൻഡറി സ്കൂളുകളിൽ ലാബുകൾ സ്ഥാപിക്കാൻ ശ്രമിക്കണം.
ആരോഗ്യസേവനങ്ങൾ ഓണ്‍ലൈനാക്കുന്ന ഇ-ഹെൽത്ത് പദ്ധതി സാധാരണക്കാർക്കു ഗുണകരമാകണം. തീരദേശപദ്ധതി ഭൂമിയേറ്റെടുപ്പിൽ പ്രതിഷേധമുള്ളയിടങ്ങളിൽ ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തണം.
രണ്ടു ഘട്ടമായി നടന്ന മേഖലാതല അവലോകനത്തിൽ രാവിലെ സർക്കാർ പദ്ധതികളുടെ പുരോഗതി വിലയിരുത്തി. ഉച്ചകഴിഞ്ഞു മൂന്നു ജില്ലകളിലെ ക്രമസമാധാന അവലോകനവും നടന്നു.