വന്യമൃഗങ്ങളിൽനിന്നു സുരക്ഷ: നിയമവ്യവസ്ഥയിൽ മാറ്റം വരുത്തണമെന്ന് ജോസ് കെ. മാണി എംപി
Saturday, September 30, 2023 1:28 AM IST
മുണ്ടക്കയം: വന്യമൃഗങ്ങൾ ജനവാസ മേഖലയിലിറങ്ങി മനുഷ്യരെ ആക്രമിക്കുമ്പോൾ ഇവയെ നേരിടാൻ നിയമമില്ലാത്ത അവസ്ഥ മാറണമെന്ന് കേരള കോൺഗ്രസ് - എം ചെയർമാൻ ജോസ് കെ. മാണി എംപി.
വന്യമൃഗ ആക്രമണങ്ങളിൽനിന്നു മനുഷ്യരെയും കൃഷിഭൂമിയും സംരക്ഷിക്കുക, കേന്ദ്ര വനനിയമവും വന്യജീവി സംരക്ഷണ നിയമവും ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങൾ ഉയർത്തി മുണ്ടക്കയത്ത് കേരള കോൺഗ്രസ്- എം സംഘടിപ്പിച്ച ജനകീയ കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ നിയമങ്ങൾ ഉള്ളത് വന്യമൃഗങ്ങൾക്കുവേണ്ടിയാണ്. ഈ നിയമം മാറ്റിയെഴുതുകയാണു വേണ്ടത്.
കർഷകരുടെ ജീവനും സ്വത്തിനും വന്യമൃഗങ്ങളിൽനിന്നു സുരക്ഷ നൽകുവാൻ പോലീസ് വകുപ്പിന് അധികാരം നൽകണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് വിഷയാവതരണം നടത്തി.
ജോബ് മൈക്കിൾ എംഎൽഎ, സ്റ്റീഫൻ ജോർജ്, കേരള കോൺഗ്രസ്-എം കോട്ടയം ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറയ്ക്കൽ, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അലക്സ് കോഴിമല, പ്രഫ. കെ.എം. ആന്റണി, ജോർജുകുട്ടി ആഗസ്തി, റെജി കുന്നംകോട്ട്, സണ്ണി പാറപ്പറമ്പിൽ, സാജൻ കുന്നത്ത്, ജോസഫ് ചാമക്കാല, പെണ്ണമ്മ ജോസഫ്, ജോണിക്കുട്ടി മഠത്തിനകം, ബിനു ജോൺ ചാലക്കുഴി, ഡയസ് കോക്കാട്ട്, ചാർലി കോശി, സോജൻ അറക്കുളം തുടങ്ങിയവർ പ്രസംഗിച്ചു.