മുന്‍ എംഎല്‍എ എം.കെ. പ്രേംനാഥ് അന്തരിച്ചു
Saturday, September 30, 2023 1:28 AM IST
വടകര: മുന്‍ എംഎല്‍എയും സോഷ്യലിസ്റ്റ് നേതാവുമായ അഡ്വ. എം.കെ. പ്രേംനാഥ് (73) അന്തരിച്ചു. എല്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെ 8.45നായിരുന്നു അന്ത്യം.
ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. ഈ മാസം 21ന് പക്ഷാഘാതം ഉണ്ടായതിനെത്തുടര്‍ന്നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കേ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഐസിയുവിലേക്കു മാറ്റി. പിന്നീട് റൂമിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച സ്ഥിതി മോശമായതിനാല്‍ വെന്റിലേറ്ററിലേക്കു മാറ്റി. ഇന്നലെ രാവിലെ മരിച്ചു.
സംസ്കാരം മുക്കാളിയിലെ വീട്ടുവളപ്പില്‍ നടത്തി. 2006-11 കാലത്ത് വടകര എംഎല്‍എ ആയിരുന്നു. ഏറാമല തട്ടോളിക്കരയിലെ പരേതരായ കുന്നമ്പത്ത് നാരായണക്കുറുപ്പിന്റെയും പത്മാവതിയമ്മയുടെയും മകനാണ്. അഴിയൂര്‍ ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ രാഷ്ട്രീയത്തില്‍ സജീവമായ പ്രേംനാഥ് സോഷ്യലിസ്റ്റ് വിദ്യാര്‍ഥി സംഘടനയായ ഐഎസ്ഒയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു.
ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പദം അലങ്കരിച്ചിട്ടുണ്ട്. യുവജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, സെക്രട്ടറി, ദേശീയ കമ്മിറ്റി അംഗം, യുവജനത സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ്, കെഎസ്ആര്‍ടിസി എംപ്ലോയീസ് യൂണിയന് (എച്ച്എംഎസ്) സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥ കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടു. വടകര കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് പ്രസിഡന്റായിരുന്നിട്ടുണ്ട്. സ്വതന്ത്രഭൂമി സോഷ്യലിസ്റ്റ് മാസികയുടെ എഡിറ്ററായിരുന്നു.
എം.പി. വീരേന്ദ്രകുമാര്‍ നേതൃത്വം നല്കിയ ജനതാദളില്‍നിന്ന് അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് രാജിവച്ച് ജനതാദൾ-എസില്‍ ചേര്‍ന്നിരുന്നുവെങ്കിലും പിന്നീട് എല്ജെഡിയിലേക്കു തിരിച്ചുവന്നു. ഭാര്യ: പരേതയായ പ്രഭാവതി. മകൾ: പ്രിയ (ദുബായ്). മരുമകൻ: കിരണ്‍ (ബിസിനസ്, ദുബായ്).