കർഷകരുടെ വഴിവിളക്ക്
Friday, September 29, 2023 3:07 AM IST
കെ. കൃഷ്ണൻകുട്ടി ( വൈദ്യുതി മന്ത്രി)
ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവും ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ കുലപതിയുമായ ഡോ. എം.എസ്. സ്വാമിനാഥന്റെ നിര്യാണത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. ഇന്ത്യയെ കാർഷിക സ്വയംപര്യാപ്തതയിലേക്കു നയിച്ച പ്രതിഭയായിരുന്നു അദ്ദേഹം. നമ്മുടെ പരിസ്ഥിതിക്ക് ഇണങ്ങുന്ന അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങള്‍ വികസിപ്പിച്ചെടുക്കുകയും കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ സംഭാവനയാണ്.
കേരളത്തിൽ പ്രിസിഷൻ ഫാമിംഗ് കൃഷിരീതി ആദ്യമായി നടപ്പിലാക്കിയത് എന്റെ പഞ്ചായത്തായ പെരുമാട്ടിയിലാണ് 2006ൽ . ഈ പ്രദേശത്തെ കൃഷിയും കൃഷി രീതികളും നേരിട്ടറിയാൻ അദ്ദേഹം 2012 മേയ് 27ന് പെരുമാട്ടിയിലെത്തി. അന്നാണ് ഞാൻ അദ്ദേഹത്തെ നേരിൽ കാണുന്നതും പരിചയപ്പെടുന്നതും. തുടർന്ന് കാർഷിക സംബന്ധമായ വിഷയങ്ങളിൽ നിരവധി തവണ അദ്ദേഹവുമായി ആശയവിനിമയം നടത്താൻ സാധിച്ചിരുന്നു.
പെരുമാട്ടി സർവീസ് സഹകരണ ബാങ്കിന്റെയും കൃഷിവകുപ്പിന്റെയും ആഭിമുഖ്യത്തിൽ സ്ഥാപിച്ച പെരുമാട്ടി അഗ്രോ സർവീസ് സെന്റർ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് അന്ന് അദ്ദേഹം നടത്തിയ പ്രഭാഷണം കൃഷിക്കാരിൽ വലിയ ആവേശമുണർത്തി. കൂടുതൽ കൃഷിക്കാർ സൂക്ഷ്മകൃഷിയിലേക്ക് കടന്നുവരാൻ ഇതൊരു പ്രചോദനമായി മാറുകയും ചെയ്തു. തുടർന്ന് നാളികേരവും പച്ചക്കറിയും ശാസ്ത്രീയമായ രീതിയിൽ കൃഷി ചെയ്യുന്ന ഈ മേഖലയിലേക്ക് ഓരോ വർഷവും വിവിധ അവാർഡുകൾ കർഷകരെ തേടിയെത്തി.
രാജ്യത്തൊട്ടാകെയുള്ള കര്‍ഷകര്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന താങ്ങുവില നിര്‍ണയിക്കുന്നതിനുള്ള ഫോര്‍മുല തയാറാക്കിയത് ഡോ. എം.എസ്. സ്വാമിനാഥന് കമ്മിറ്റിയാണ്.
ഉത്പാദനച്ചെലവുകളെ അദ്ദേഹം മൂന്നായി വർഗീകരിച്ചു_ A2, FL, C2 എന്നിങ്ങനെ:
•A2 ഉത്പാദനവുമായി നേരിട്ടു ബന്ധമുള്ള ചെലവ്; ഉദാഹരണമായി വിത്തുകൾ, തൊഴിലാളിക്കു നല്കുന്നകൂലി, വളങ്ങൾ, ഇന്ധനം, ജലസേചനം, വൈദ്യുതി, ഉപകരണങ്ങളുടെ വാടക തുടങ്ങിയവയാണ്.
•FL ഘടകത്തിൽ ഉൾപ്പെടുന്ന കൃഷിയുമായി നേരിട്ട് ബന്ധമുളള കുടുംബാംഗങ്ങളുടെ കൂലി.
•C2 – മേൽ സൂചിപ്പിച്ച രണ്ട് ഘടകങ്ങൾ ഉൾപ്പടെ കൃഷിഭൂമിയുടെ വാടക, മുതൽമുടക്കിന്റെ പലിശ എന്നിവ ഉൾപ്പെടും.
ഡോ. എം.എസ്. സ്വാമിനാഥൻ ഉത്പാദ നച്ചെലവായി C2വിനെ പരിഗണിക്കാനും അതിന്റെ ഒന്നര മടങ്ങ് താങ്ങുവിലയായി കർഷകർക്കു നൽകാനുമാണ് ശിപാർശ ചെയ്തിരുന്നത്. ഇതുതന്നെയാണ് കർഷകരും കർഷക സംഘടനകളും കേന്ദ്രത്തോട് ആവശ്യപ്പെട്ടതും.
എന്നാൽ, ഇതിൽനിന്നു വ്യത്യസ്തമായി താങ്ങുവിലയായി കേന്ദ്രം പ്രഖ്യാപിച്ചത് A2+FL എന്ന ഘടകങ്ങളുടെ ഒന്നര മടങ്ങാണ്. ഇത് C2 ഘടകത്തിന്റെ ഒന്നര മടങ്ങിനേക്കാളും വളരെ കുറവാണ്.
കാർഷിക പ്രതിസന്ധിമൂലം ആയിരങ്ങൾ ഇന്ത്യയൊട്ടുക്കും ആത്മഹത്യ ചെയ്തിരുന്ന 2004ലാണ് അന്നത്തെ കേന്ദ്രസർക്കാർ കാർഷിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ സ്വാമിനാഥൻ കമ്മിറ്റിയെ നിയമിച്ചത്.
2006ൽ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും നാളിതുവരെ സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള താങ്ങുവില പ്രഖ്യാപിക്കുന്നതിനോ പ്രഖ്യാപിച്ച താങ്ങുവില നൽകി കർഷകരിൽനിന്ന് ഉത്പന്നങ്ങൾ സംഭരിക്കുന്നതിനോ തയാറായില്ല.
കാർഷിക പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായ അദ്ദേഹം കൃഷി വരുമാനമാർഗം ആകണം എന്നതിലുപരി അനേകായിരം കുടുംബങ്ങൾക്ക് വരുമാനം നൽകുന്ന തരത്തിൽ ഒരു ശാസ്ത്രവും സങ്കേതവും ആയി കൃഷി വികസിക്കണം എന്ന ലക്ഷ്യത്തിനാണ് തന്റെ ജീവിതം ഉഴിഞ്ഞുവച്ചത്.
1971ല്‍ ഇന്ത്യയെ ഭക്ഷ്യോത്പാദനത്തില്‍ സ്വയം പര്യാപ്തമായി ഗവൺമെന്റ് പ്രഖ്യാപിച്ചു. 70 ശതമാനത്തോളം ജനങ്ങൾ കാർഷികവൃത്തിയിലേർപ്പെടുന്ന ഇന്ത്യയെ ഭക്ഷ്യ ഉത്പാദനത്തിൽ സ്വയം പര്യാപ്തമാക്കി മാറ്റിയത് അദ്ദേഹം നടത്തിയ പ്രവർത്തനത്തിന്റെ ഫലമായാണ്.
നിരവധി ദേശീയ അന്താരാഷ്ട്ര പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. പത്മശ്രീ, പദ്മഭൂഷൺ, പദ്മവിഭൂഷൺ എന്നീ ബഹുമതികള്‍ നൽകി രാജ്യം അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. കർഷകരുടെ വഴികാട്ടിയായ അദ്ദേഹത്തിന്റെ നിര്യാണം കർഷകസമൂഹത്തിന് തീരാനഷ്ടമാണ്.