ഇതെന്തു മുന്നണി? സിപിഐയുടെ പരിഹാസം
Friday, September 29, 2023 3:07 AM IST
എം.പ്രേംകുമാർ
തിരുവനന്തപുരം: മുന്നണി സംവിധാനത്തെ നോക്കുകുത്തിയാക്കി സിപിഎമ്മിനു തോന്നിയതുപോലെ സംസ്ഥാനത്തു ഭരണം നടത്തുകയാണെന്നു സിപിഐ. കേരളത്തിൽ മാത്രമേ ഇപ്പോൾ ഇടതുപക്ഷത്തിനു കാര്യമായ സ്വാധീനമുള്ളൂ. ഇതു മനസിലാക്കാതെയുള്ള സിപിഎമ്മിന്റെ ഈ പോക്ക് ഇടതുമുന്നണിയെ നശിപ്പിക്കും.
മഹാന്മാരായ നേതാക്കന്മാർ വഹിച്ച പദവിയിലാണു ഇ.പി.ജയരാജൻ കണ്‍വീനറായി ഇരിക്കുന്നത്. എന്നാൽ, ആ നിലവാരത്തിലേക്ക് അദ്ദേഹം ഉയരുന്നില്ലെന്നും ഇടതുമുന്നണി യോഗത്തിൽ പങ്കെടുക്കുന്ന സിപിഐ നേതാക്കൾ വിമർ ശിച്ചു.
കേവലം സിപിഎം പറയുന്നതും കേട്ടു എകെജി സെന്ററിൽനിന്നും മടങ്ങിവരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നുമുള്ള കടുത്ത വിമർശനമാണ് കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന സിപിഐ നേതൃയോഗങ്ങളിൽ ഉണ്ടായത്.
മന്ത്രിമാരുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഇടതുമുന്നണി ഇതുവരെയും കാര്യമായി ഒരു ശ്രമവും നടത്തിയിട്ടില്ല. അങ്ങനെയൊരു പരിശോധന നടന്നതായോ നടക്കാൻ പോകുന്നതായോ ഉള്ള ഒരു ചർച്ചയും സിപിഐയിൽ നടന്നിട്ടില്ല.
പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രനു സുഖമില്ലാത്തതുകൊണ്ടാണോ എന്നറിയില്ല. ഇപ്പോൾ കഴിഞ്ഞ രണ്ടു വർഷമായി അദ്ദേഹം കാര്യമായി ഒരു പ്രതികരണവും നടത്തുന്നില്ലെന്നും ചർച്ചയിൽ പങ്കെടുത്ത ഭൂരിപക്ഷം നേതാക്കളും അഭിപ്രായപ്പെട്ടു.
എന്നാൽ, കുറഞ്ഞ വാക്കുകളിൽ മാത്രം കൗണ്‍സിൽ യോഗത്തിൽ മറുപടി പറഞ്ഞ കാനം സിപിഐക്കു പ്രതിപക്ഷമായി പ്രവർത്തിക്കാൻ കഴിയില്ലെന്നു കഴിഞ്ഞ ദിവസവും ആവർത്തിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ നേതാക്കളാണു മുഖ്യമന്ത്രിക്കെതിരേയും ഇ.പി.ജയരാജനെതിരേയും കൗണ്‍സിലിൽ ശക്തമായ വിമർശനം ഉന്നയിച്ചത്.
ഇടതുമുന്നണിയെന്ന നിലയിൽ ഭരണം കൈയാളുന്ന സഹകരണ ബാങ്കുകളിൽ സിപിഎം തൻപ്രമാണിത്തം കാണിക്കുന്നു. തിരുവനന്തപുരം ജില്ലയിൽ ഇക്കാര്യം പലതവണ ചൂണ്ടിക്കാട്ടിയിട്ടും പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഒരു ഇടപെടലും ഉണ്ടായില്ല.
പ്രാദേശികമായി ജനങ്ങളുമായി ബന്ധമുള്ള സഹകാരികളെയാണു സാധാരണയായി ബോർഡ് അംഗങ്ങളായി തീരുമാനിക്കുന്നത്. എന്നാൽ ഇപ്പോൾ സിപിഐ പോലും അങ്ങനെ ചെയ്യുന്നില്ല. സിപിഎം നേതാക്കളുടെ കൂടി താത്പര്യമനുസരിച്ചാണു സിപിഐ ബോർഡ് പ്രതിനിധികളെ തീരുമാനിക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെ സഹകരണ ബാങ്കുകളിൽ നടക്കുന്ന ക്രമക്കേടുകളുടെ ഉത്തരവാദിത്തം സിപിഐയ്ക്കു കൂടി ഏൽക്കേണ്ടി വരുന്നൂവെന്നും നേതാക്കൾ പറഞ്ഞു.
തെറ്റുതിരുത്തലുകൾക്ക് ഈ വൈകിയ വേളയില്ലെങ്കിലും തയാറായില്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കുണ്ടായ തിരിച്ചടി കേരളത്തിലും സംഭവിക്കുമെന്നും ചർച്ചയിൽ പങ്കെടുത്തവർ മുന്നറിയിപ്പു നൽകി.
സർക്കാർ നിരന്തരം വിവാദങ്ങളിൽപ്പെടുന്നതിന്റെ ഉത്തരവാദിത്തം സിപിഎമ്മിനു മാത്രമാണ്. സിപിഎം മന്ത്രിമാരുടെ ഓഫീസുകൾ കേന്ദ്രീകരിച്ചു ഒരു കൂട്ടർ മാഫിയാ സംഘങ്ങളെപ്പോലെ പ്രവർത്തിക്കുന്നുണ്ടെ ന്ന ഗുരുതരമായ ആരോപണം ഉണ്ടായിരുന്നു.
ഇക്കാര്യം ശരിയാണെന്നു സമർഥിച്ചുകൊണ്ട് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം സർക്കാരിനു റിപ്പോർട്ടു നൽകി. എന്നിട്ടും ഒരു നടപടിയോ തിരുത്തലോ സിപിഎമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ഇങ്ങനെ മുന്നോട്ടു പോയാൽ വരുന്ന തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാകും ഇടതുമുന്നണിക്കു നേരിടേണ്ടി വരികയെന്നും നേതാക്കൾ സൂചിപ്പിച്ചു.
പ്രതിപക്ഷം ദുർബലമായതുകൊണ്ടു മാത്രമാണ് ഇങ്ങനെയെങ്കിലും സർക്കാരിനു മുന്നോട്ടു പോകാൻ കഴിയുന്നത്. അവരുടെ ഈ ദൗർബല്യം എന്തും ചെയ്യാനുള്ള ലൈസൻസാക്കി കണ്ടാൽ ബംഗാളിലെയും ത്രിപുരയിലേയും സ്ഥിതി കേരളത്തിലും ഉണ്ടാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.