ബില്ലുകൾ തടയുന്ന ഗവർണർക്കെതിരേ മുഖ്യമന്ത്രി; കോടതിയിൽ കാണാം
സ്വന്തം ലേഖകൻ
Thursday, September 28, 2023 7:05 AM IST
തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞു വയ്ക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ നടപടിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാൻ മുൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിനെ കേരളം ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ഫാലി എസ്. നരിമാന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നടപടിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുന്നതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവയ്ക്കുന്ന ഗവർണറുടെ നടപടി കൊളോണിയൽ ഭരണകാലത്തെ ഗവർണർ ജനറലിന്റെയും പ്രവിശ്യാ ഗവർണർമാരുടെയും നടപടികളെ അനുസ്മരിപ്പിക്കുന്നതാണെന്ന കടുത്ത വിമർശനവും മുഖ്യമന്ത്രി ഉന്നയിച്ചു. നിയമസഭ പാസാക്കിയ എട്ട് ബില്ലുകൾ ദീർഘനാളായി ഗവർണർ തടഞ്ഞുവച്ചിരിക്കുകയാണ്. മൂന്നെണ്ണം ഒരു വർഷവും 10 മാസവുമായി തടഞ്ഞുവച്ചിരിക്കുന്നു. മൂന്നെണ്ണം ഒരു വർഷവും മൂന്നു മാസവുമായി. പബ്ലിക് ഹെൽത്ത് ബിൽ അടക്കം തടഞ്ഞുവച്ചിരിക്കുന്നു.
പാർലമെന്ററി ജനാധിപത്യത്തിൽ ജനാഭിലാഷം പ്രതിഫലിക്കുന്ന നിയമസഭ ചർച്ച ചെയ്ത് പാസാക്കുന്ന ബില്ലുകൾ നിയമമാകാതിരിക്കാനുള്ള കാലവിളംബം വരുത്തുന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തഃസത്തയ്ക്ക് നിരക്കാത്തതാണ്. ബില്ലുകളെ സംബന്ധിച്ച് ഗവർണർ ആവശ്യപ്പെട്ട വിശദീകരണങ്ങളും സ്പഷ്ടീകരണങ്ങളും ബന്ധപ്പെട്ട മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും അദ്ദേഹത്തെ സന്ദർശിച്ച് നൽകി. അതിനുശേഷവും ഈ ബില്ലുകളുടെ കാര്യത്തിൽ തീരുമാനമൊന്നും ഉണ്ടായിട്ടില്ല.
തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ ഉപദേശവും സഹായവും പ്രകാരമാണു ഗവർണർക്ക് വിവേചനാധികാരമുള്ള മേഖലകളിൽ ഒഴികെ പ്രവർത്തിക്കേണ്ടതെന്ന് ഭരണഘടനാ സഭയിലെ സംവാദങ്ങളിൽനിന്നും ഭരണഘടനയിലെ അനുച്ഛേദങ്ങളിൽനിന്നും വ്യക്തമാണ്.
ഭരണഘടനയ്ക്ക് വിരുദ്ധമായി ഏതെങ്കിലും ഭാഗം പാസാക്കപ്പെട്ട ബില്ലിൽ ഉണ്ടെങ്കിൽ അക്കാര്യം ശ്രദ്ധയിൽ പെടുത്താനും ഹൈക്കോടതിയുടെ അധികാരങ്ങളെ ബാധിക്കുന്ന ഏതെങ്കിലും വകുപ്പ് പാസാക്കപ്പെട്ട ബില്ലിലുണ്ടെങ്കിൽ അത് രാഷ്ട്രപതിയുടെ അംഗീകാരത്തിന് സമർപ്പിക്കാനും ഗവർണർക്ക് ഭരണഘടനാപരമായി അവകാശമുണ്ട്. പക്ഷേ, ഇതൊന്നുമില്ലാത്ത സാധാരണ നിയമങ്ങൾക്ക് അംഗീകാരം നൽകാതെ കാലവിളംബം വരുത്തുന്നത് ജനങ്ങളോട് ഉത്തരവാദിത്വമുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്
നിലവിൽ തെലുങ്കാന, തമിഴനാട് ഉൾപ്പെടെയുള്ള സർക്കാരുകൾ കോടതിയെ സമീപിച്ചിട്ടുണ്ട്. നിയമപരമായ മാർഗം തേടാതെ മറ്റൊന്നും സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വഴങ്ങില്ല
സര്‍ക്കാരിന്റെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിനു നിയമനടപടി സ്വീകരിക്കാം. കോടതിയിലെത്തുമ്പോള്‍ സര്‍ക്കാരിന്റെ ആശയക്കുഴപ്പം മാറിക്കിട്ടും. ഇതുമായി ബന്ധപ്പെട്ട നിയമോപദേശത്തിനു മാത്രം സര്‍ക്കാര്‍ ചെലവാക്കിയതു 40 ലക്ഷം രൂപയാണ്. സാമ്പത്തിക പ്രതിസന്ധിക്കിടെ ഇത്തരത്തിലുള്ള ഒരു ചെലവ് വേണമായിരുന്നോ?
ആരിഫ് മുഹമ്മദ് ഖാൻ (ഗവര്‍ണര്‍)