പുല്‍പ്പള്ളി സഹ. ബാങ്ക് തട്ടിപ്പ് : ഇടനിലക്കാരനെ ഇഡി അറസ്റ്റ് ചെയ്തു
Thursday, September 28, 2023 6:46 AM IST
കൊച്ചി: വയനാട് പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇടനിലക്കാരൻ സജീവന് കൊല്ലപ്പള്ളിലിനെ ഇഡി അറസ്റ്റ് ചെയ്തു. വായ്പാ തട്ടിപ്പിന് ഇടനിലക്കാരനായി നിന്ന സജീവന് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇഡി അറസ്റ്റ് ചെയ്തത്.
ചോദ്യംചെയ്യാനായി ഇന്നലെ ഇഡി കോഴിക്കോട് ഓഫീസിലേക്ക് സജീവനെ വിളിച്ചുവരുത്തിയിരുന്നു. തുടര്‍ന്ന് വൈകുന്നേരം ആറോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോഴിക്കോട് പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കിയ സജീവിനെ 30 വരെ ഇഡി കസ്റ്റഡിയില്‍ വിട്ടു.
2016-17 കാലയളവില്‍ പുല്‍പ്പള്ളി സഹകരണ ബാങ്കില്‍നിന്ന് അന്നത്തെ ഭരണസമിതി എട്ടു കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 29നാണ് ഇഡി കേസ് ഏറ്റെടുത്തത്. വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ്, വിജിലന്‍സ് കേസുകളില്‍ പ്രതിയാണ് സജീവന്. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തേ സജീവനെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.