രണ്ടുപേരെക്കൂടി അംഗങ്ങളാക്കി മന്ത്രിസഭയുടെ ശിപാർശ; പിഎസ്സി അംഗങ്ങളുടെ നിയമന ശിപാർശ രണ്ടര മാസമായി രാജ്ഭവനിൽ
സ്വന്തം ലേഖകൻ
Thursday, September 28, 2023 6:46 AM IST
തിരുവനന്തപുരം: മന്ത്രിസഭ ശിപാർശ ചെയ്ത രണ്ടു പിഎസ്സി അംഗങ്ങളുടെ ഫയലിൽ രണ്ടര മാസത്തിലേറെയായി ഗവർണർ ഒപ്പുവയ്ക്കാതിരിക്കേ പിഎസ്സി അംഗങ്ങളായി രണ്ടുപേരെ ക്കൂടി നിയമിക്കാൻ മന്ത്രിസഭാ ശിപാർശ. ശുചിത്വ മിഷനിൽ എക്സിക്യൂട്ടീവ് ഡയറക്ടറായ കെ.ടി. ബാലഭാസ്കരൻ, ഡോ. പ്രിൻസി കുര്യാക്കോസ് എന്നിവരെയാണ് നിലവിലെ രണ്ട് ഒഴിവുകളിലേക്കു ശിപാർശ ചെയ്തത്. ഇരുവരും സിപിഎം പ്രതിനിധികളാണ്.
കഴിഞ്ഞ ജൂലൈ അഞ്ചിനു ചേർന്ന മന്ത്രിസഭാ യോഗം പിഎസ്സി അംഗങ്ങളായി ശിപാർശ ചെയ്ത ഡോ. ജോസ്. ജി. ഡിക്രൂസ്, അഡ്വ. എച്ച്. ജോഷ് എന്നിവരുടെ ശിപാർശ ഗവർണർ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇതിൽ തിരുവനന്തപുരം തിരുമല സ്വദേശിയായ ജോഷിനെതിരേ നിരവധി പരാതികൾ ഗവർണർക്കു ലഭിച്ചിരുന്നു. പരാതികളിൽ ചീഫ് സെക്രട്ടറിയോടു ഗവർണർ വിശദീകരണം തേടിയെങ്കിലും മറുപടി ലഭിച്ചില്ല. തന്മൂലം ഫയലിൽ ഗവർണർ തീരുമാനമെടുത്തതുമില്ല. ഈ സാഹചര്യത്തിലാണ് രണ്ടു പേരുടെ പേരു കൂടി ഗവർണർക്കു ശിപാർശ ചെയ്തത്. ഡിവൈഎഫ്ഐ മുൻ സംസ്ഥാന സമിതി അംഗമായ ഡോ. പ്രിൻസി കുര്യാക്കോസ് എറണാകുളം പെരുന്പാവൂർ സ്വദേശിയാണ്.
കെ.ടി. ബാലഭാസ്കരൻ കാസർഗോഡ് ചെറുവത്തൂർ സ്വദേശിയാണ്. കേരള പിഎസ്സിയിൽ ചെയർമാൻ ഉൾപ്പെടെ 21 അംഗങ്ങളാണുള്ളത്. ഇതിൽ നാല് ഒഴിവാണുള്ളത്. ഇപ്പോൾ ശിപാർശ ചെയ്തതും ഗവർണറുടെ അംഗീകാരത്തിനായി കാത്തിരിക്കുന്നതുമായ നാലു പേരുടെ പട്ടികയ്ക്ക് അംഗീകാരം ലഭിച്ചാൽ പിഎസ്സി അംഗങ്ങളുടെ ഒഴിവുകൾ പൂർണമാകും.