ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് അംഗം കൈക്കൂലി വാങ്ങിയെന്ന പരാതി ഗൗരവതരമെന്ന് പ്രതിപക്ഷനേതാവ്
Thursday, September 28, 2023 6:27 AM IST
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് അംഗം ആയുഷ് മിഷൻ കേരളാ മെഡിക്കൽ ഓഫീസർ നിയമനത്തിന് കൈക്കൂലി വാങ്ങിയെന്ന പരാതി ഞെട്ടിക്കുന്നതാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
മന്ത്രിയുടെ പി.എ. അഖിൽ മാത്യുവിനും പത്തനംതിട്ടയിലെ സിപിഎം നേതാവ് അഖിൽ സജീവിനും എതിരേയാണ് പരാതി ഉയർന്നിരിക്കുന്നത്. മെഡിക്കൽ ഓഫീസർ നിയമനത്തിന് 15 ലക്ഷം രൂപയാണ് കൈക്കൂലിയായി മന്ത്രിയുടെ സ്റ്റാഫ് അംഗവും കൂട്ടാളിയും ആവശ്യപ്പെട്ടതെന്നാണ് പരാതിയിൽ പറയുന്നത്.
മന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റിന് തൊട്ടരികിൽ വച്ച് ആരോഗ്യമന്ത്രിയുടെ പിഎയ്ക്ക് ഒരു ലക്ഷം രൂപ നൽകിയെന്ന് പരാതിയിൽ വ്യക്തമാക്കുന്നതായും പ്രതിപക്ഷനേതാവ് പറഞ്ഞു.
കഴിഞ്ഞ മാസം അവസാന ആഴ്ച ഈ വിഷയം ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ശ്രദ്ധയിൽ വന്നിരുന്നുവെന്നാണ് മനസിലാക്കുന്നത്. ഈ മാസം നാലിന് ഇ മെയിലിലൂടെ മന്ത്രിയുടെ ഓഫീസിന് പരാതി അയച്ചെന്നും പരാതിക്കാരൻ പറയുന്നു.
നടപടി ഉണ്ടാകാത്തതിനെ ത്തുടർന്ന് 13ന് രജിസ്ട്രേഡ് പോസ്റ്റിലും പരാതി അയച്ചു. എന്നിട്ടും പത്ത് ദിവസം കഴിഞ്ഞാണ് പരാതി പോലീസിന് കൈമാറിയത്. ഇതു ഗുരുതര വീഴ്ചയാണ്.
വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നുണ്ടെങ്കിൽ അത് വില്ലേജ് ഓഫീസർ അറിയുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുള്ള നാടാണിത്. അങ്ങനെയെങ്കിൽ പിഎ ഏതു രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് മന്ത്രി അറിയേണ്ടതല്ലേ. മുഖ്യമന്ത്രിയുടേതുൾപ്പെടെ എല്ലാ വകുപ്പുകളിൽ നിന്നും നാണംകെട്ട അഴിമതിക്കഥകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.