ബാങ്ക് സെക്രട്ടറിയെയും മുഖ്യപ്രതിയുടെ ഭാര്യയെയും ചോദ്യം ചെയ്തു
Thursday, September 28, 2023 6:27 AM IST
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യല്‍ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തൃശൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി എന്‍.ബി. ബിനു, മുഖ്യപ്രതി പി. സതീഷ് കുമാറിന്റെ ഭാര്യ ബിന്ദു എന്നിവരെ ഇന്നലെ ചോദ്യം ചെയ്തു. കഴിഞ്ഞ 19ന് ഇഡി ആവശ്യപ്പെട്ട രേഖകളുമായി ഹാജരായ ബിനുവിനെ തുടര്‍ന്നുള്ള ദിവസങ്ങളിലും ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെയും കേസിലെ ബിനുവിന്റെ പങ്ക്, മറ്റ് ആളുകളുടെ ഇടപാടുകള്‍ എന്നിവ പരിശോധിക്കുന്നതിന്റെയും ഭാഗമായാണു ചോദ്യം ചെയ്യല്‍.
സതീഷ്കുമാറിന്റെ ഭാര്യ ബിന്ദു വീണ്ടും ഇഡിക്കു മുന്നില്‍ ഹാജരായി. സതീഷ്കുമാര്‍ ഭാര്യയുടെയും മക്കളുടെയും പേരിലും നിക്ഷേപങ്ങള്‍ നടത്തിയതായും ഭൂമിയിടപാടുകള്‍ നടത്തിയതായും കണ്ടെത്തിയിരുന്നു.
ഇതുസംബന്ധിച്ച വിവരങ്ങള്‍ തേടിയായിരുന്നു ചോദ്യം ചെയ്യല്‍. സതീഷിന്റെ സഹോദരന് ശ്രീജിത്തിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.കെ. കണ്ണനെ ചോദ്യം ചെയ്ത ദിവസം ശ്രീജിത്തും ഹാജരായിരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സനല്‍കുമാറും ഇന്നലെ ചോദ്യം ചെയ്യലിനു ഹാജരായി.
എം.കെ. കണ്ണനെ നാളെ ചോദ്യം ചെയ്യും
കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.കെ. കണ്ണനെ ഇഡി നാളെ വീണ്ടും ചോദ്യം ചെയ്യും. എം.കെ. കണ്ണന് പ്രസിഡന്റായ തൃശൂര്‍ സഹകരണ ബാങ്ക് വഴി അറസ്റ്റിലായ പി. സതീഷ്കുമാര്‍ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചതായി ഇഡി കണ്ടെത്തിയിരുന്നു.
തൃശൂര്‍ സഹകരണ ബാങ്ക് വഴിയാണ് സതീഷ് കുമാറിന്റെ സാമ്പത്തിക ഇടപാടുകളെല്ലാം നടന്നിട്ടുള്ളത്. ബിനാമി പേരുകളിലും സതീഷ് കുമാറിന് തൃശൂര്‍ ബാങ്കില്‍ അക്കൗണ്ടുകളുണ്ട്. ഈ അക്കൗണ്ടുകളിലേക്ക് കോടികളെത്തിയിട്ടുണ്ട്. മറ്റു ബാങ്കുകളിലെ തിരിച്ചടവ് മുടങ്ങിയ വായ്പകള്‍ തൃശൂര്‍ സഹകരണ ബാങ്കിലേക്കായിരുന്നു സതീഷ് കുമാര്‍ മാറ്റിയത്. ഇത് എം.കെ. കണ്ണന്റെ നിര്‍ദേശപ്രകാരമാണെന്നാണ് ഇഡിയുടെ നിഗമനം.