ഇതര സംസ്ഥാന തൊഴിലാളികളിലെ കുറ്റകൃത്യങ്ങളിൽ ഗണ്യമായ വർധന
ബിനു ജോർജ്
Wednesday, September 27, 2023 6:25 AM IST
കോഴിക്കോട്: സംസ്ഥാന സർക്കാർ അതിഥികളിയാ ഇരുകൈയും നീട്ടി സ്വീകരിച്ച ഇതര സംസ്ഥാന തൊഴിലാളികളിൽ കുറ്റകൃത്യങ്ങളുടെ എണ്ണം ഗണ്യമായി വർധിച്ചുവരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുംനേരേയുള്ള അതിക്രമങ്ങൾ, കൊലപാതകങ്ങൾ എന്നിവയിൽ പ്രതികളാകുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം വർഷംതോറും വർധിച്ചുവരുന്നുവെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ എട്ടുവർഷത്തെ കണക്കു പരിശോധിക്കുന്പോൾ 2022 മുതലാണ് കുറ്റകൃത്യങ്ങളുടെ എണ്ണം ഇരട്ടിയിലേറെ വർധിച്ചതെന്ന് വ്യക്തമാകുന്നു. മദ്യവും മയക്കുമരുന്നുമാണ് ഇതര സംസ്ഥാന തൊഴി ലാളി ഇടങ്ങളിൽ അശാന്തിയുടെ വിത്ത് വിതയ്ക്കുന്നത്. 2016 മുതൽ 2021 വരെയുള്ള കാലയളവിൽ കേരളത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ പ്രതികളായ ക്രിമിനൽ കേസുകളുടെ എണ്ണം 1000ത്തിൽ താഴെയായിരുന്നു.
എന്നാൽ, 2022ൽ മാത്രം രജിസ്റ്റർ ചെയ്തത് 1348 ക്രിമിനൽ കേസുകളാണ്. ഈ വർഷം ഓഗസ്റ്റ് 23 ആയപ്പോഴേക്കും 1336 ആണ് കുറ്റകൃത്യങ്ങളുടെ എണ്ണം. 2016 മുതൽ 2023 ഓഗസ്റ്റ് എട്ടുവരെയുള്ള കാലയളവിൽ ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ടത് 161 കൊലപാതകകേസുകളിലാണ്. ഇക്കാലയളവിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരേയുണ്ടായത് പോക്സോ അടക്കം 834 കേസുകൾ. ആലുവയിൽ ബാലികയെ പീഡിപ്പിച്ചുകൊന്നതടക്കമുള്ള കേസ് ഇതിൽ ഉൾപ്പെടും.
എറണാകുളം, മലപ്പുറം എന്നിവിടങ്ങളിലാണ് ഇതര സംസ്ഥാന തൊഴിലാളികൾ പ്രതികളായ കേസുകൾ കൂടുതൽ. ഈ വർഷം ഓഗസ്റ്റ് 23 വരെയുള്ള കണക്കുകൾ പ്രകാരം എറണാകുളം സിറ്റിയിൽ 177 കേസുകളും റൂറലിൽ 422 കേസുകളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളം റൂറലിൽ 2018ൽ ഉണ്ടായിരുന്നത് 208 കേസുകളായിരുന്നു. മലപ്പുറത്ത് 2018 ൽ 74 കേസുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഈ വർഷമത് 225 ആയി ഉയർന്നു. ഏറ്റവും കുറവ് കേസുകൾ വയനാട്ടിലാണ്.
2018ൽ ആകെ രണ്ടു കേസുകൾ മാത്രമുണ്ടായിരുന്ന വയനാട്ടിൽ ഈ വർഷം ഇതുവരെ രജിസ്റ്റർ ചെയ്തത് അഞ്ച് കേസുകൾ. കേരളത്തിൽ 30 ലക്ഷത്തിലേറെ ഇതര സംസ്ഥാന തൊഴിലാളികൾ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാൽ, സർക്കാരിന്റെ കണക്കിൽ ഇത് അഞ്ച് ലക്ഷത്തോളമാണ്. പല തൊഴിലാളികളും കൂലിവേല ഉപേക്ഷിച്ച് മയക്കുമരുന്ന് വില്പനക്കാരായി മാറിയിട്ടുണ്ട്. ഇത് ഇതര സംസ്ഥാന തൊഴിലാളികളിൽ മയക്കുമരുന്ന് ഉപഭോഗം വർധിക്കാൻ കാരണമാകുന്നതോടൊപ്പം കുറ്റകൃത്യങ്ങൾ പെരുകാനും ഇടയാക്കുന്നുവെന്ന് പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.