ഭൂമിയിടപാട്: കര്‍ദിനാള്‍ പുതിയ ജാമ്യപത്രം സമര്‍പ്പിക്കേണ്ടതില്ലെന്ന് ഹൈക്കോടതി
Wednesday, September 27, 2023 6:18 AM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ കര്‍ദിനാള്‍ മാർ ജോര്‍ജ് ആലഞ്ചേരിക്ക് വീണ്ടും ഹാജരായി പുതിയ ജാമ്യപത്രം സമര്‍പ്പിക്കേണ്ടതില്ലെന്നു ഹൈക്കോടതി.
ജാമ്യം അനുവദിച്ച ഉത്തരവില്‍ ഭേദഗതി വരുത്തിയതിനാല്‍ വീണ്ടും ഹാജരായി പുതിയ ജാമ്യപത്രം സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കണമെന്നായിരുന്നു ഹര്‍ജി. കാക്കനാട് മജിസ്ട്രേറ്റ് കോടതിയുടെ ആദ്യ ഉത്തരവിന്റെ തുടര്‍ച്ചയാണു ഭേദഗതി വരുത്തിയുള്ള രണ്ടാമത്തെ ഉത്തരവെന്നും അതിനാല്‍ കര്‍ദിനാള്‍ വീണ്ടും ഹാജരായി പുതിയ ജാമ്യപത്രം സമര്‍പ്പിക്കേണ്ടതില്ലെന്നും വ്യക്തമാക്കി ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണനാണു ഹര്‍ജി തീര്‍പ്പാക്കിയത്. പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശി ജോഷി വര്‍ഗീസാണ് ഹര്‍ജി നല്‍കിയത്.
പ്രത്യേക ജാമ്യപത്രം വയ്ക്കേണ്ടതില്ലെങ്കിലും വ്യവസ്ഥകളോടെ പുതുക്കപ്പെട്ട മജിസ്ട്രേറ്റ് കോടതി ഉത്തരവ് വ്യവസ്ഥകളില്ലാതെ പുറപ്പെടുവിച്ച ആദ്യ ഉത്തരവിന്റെ തുടര്ച്ചയാണെന്നതിനാല് പുതുക്കിയ ഉത്തരവിലെ വ്യവസ്ഥകളെല്ലാം കര്‍ശനമായി പാലിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.