വ്യാപാരി ജീവനൊടുക്കിയത് ഭീഷണി മൂലമെന്ന്; ബാങ്ക് ഉപരോധത്തില്‍ സംഘര്‍ഷം
Wednesday, September 27, 2023 6:18 AM IST
കോട്ടയം: വായ്പ കുടിശികയുടെ പേരില്‍ ബാങ്കുജീവനക്കാരുടെ ഭീഷണിയെത്തുടര്‍ന്നാണ് വ്യാപാരി ജീവനൊടുക്കിയതെന്ന് ആരോപിച്ച് മൃതദേഹവുമായി ബന്ധുക്കളും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ബാങ്കിലേക്ക് നടത്തിയ മാര്‍ച്ചിലും ഉപരോധത്തിലും സംഘര്‍ഷം.
കോട്ടയം കുടയംപടിയില്‍ ക്യാറ്റ് വാക്ക് ചെരുപ്പുകട ഉടമ കുടമാളൂര്‍ അഭിരാമത്തില്‍ കെ.സി. ബിനുവിന്റെ (50) മൃതദേഹവുമായാണു കര്‍ണാടക ബാങ്കിന്റെ കോട്ടയം നാഗമ്പടം ശാഖ ഉപരോധിച്ചത്.
തിങ്കളാഴ്ച വൈകുന്നേരമാണ് ബിനുവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാപാരി വ്യവസായി ഏകോപനസമിതിയും ഡിവൈഎഫ്ഐയും നടത്തിയ ഉപരോധത്തിനിടെയാണ് ബാങ്കിനുനേരേ കല്ലേറും തുടര്‍ന്നു പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായത്. സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി. തോമസിനു പരിക്കേറ്റു. മൂന്നു മണിക്കൂര്‍ റെയില്‍വേ സ്റ്റേഷന് റോഡില്‍ ഗതാഗതം സ്തംഭിച്ചു.
ഇന്നലെ രാവിലെ 11നായിരുന്നു ബാങ്കിനു മുന്നിലേക്കുള്ള മാർച്ച്. കോട്ടയം ഡിവൈഎസ്പി എന്‍.കെ. മുരളി, ഈസ്റ്റ് എസ്എച്ച്ഒ പി.എസ്. ഷിജു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് ഇവരെ തടഞ്ഞു. ബാരിക്കേഡ് തള്ളി മറിച്ചിടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നു പോലീസുമായി ഉന്തും തള്ളുമുണ്ടായി. തുടര്‍ന്നു പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ച് റോഡിലിരുന്നു.
ഇതിനിടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹവുമായി ആംബുലന്‍സ് ബാങ്കിനു മുന്നിലെത്തിച്ചു പ്രതിഷേധം ശക്തമാക്കി. ബാരിക്കേഡിനിടയിലൂടെ ബാങ്കിനു മുന്നിലേക്ക് ഓടിക്കയറിയവരെ തടഞ്ഞതോടെ സംഘര്‍ഷം രൂക്ഷമായി. വലിയ കല്ലുകളും ഇഷ്ടികക്കഷണവും പോലീസിന്റെ ഹെല്‍മെറ്റും പ്രതിഷേധക്കാര്‍ വലിച്ചെറിഞ്ഞു. ഷട്ടര്‍ പൂട്ടിയിരുന്നതിനാല്‍ ഇവര്‍ക്ക് ബാങ്കിനുള്ളിലേക്ക് കടക്കാനായില്ല. പ്രതിഷേധം തുടരുന്നതിനിടെ ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക് ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. ബിനുവിന്റെ സംസ്കാരം നടത്തി. ഭാര്യ: ഷൈനി. മക്കള്‍: നന്ദന, നന്ദിത (ഇരുവരും വിദ്യാര്‍ഥികള്‍).