ഭരണനിർവഹണം വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണം: മുഖ്യമന്ത്രി
Wednesday, September 27, 2023 6:18 AM IST
തിരുവനന്തപുരം: ഭരണനിർവഹണം കൂടുതൽ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടന്ന മേഖലാതല അവലോകന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അനാവശ്യ കാലതാമസം ഇല്ലാതാക്കി എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കപ്പെടണം. ജോലിയുടെ ഭാഗമായി കിട്ടുന്ന സംതൃപ്തി ഏറ്റവും വലിയ പ്രതിഫലമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പദ്ധതികൾ അവലോകനം ചെയ്യുന്നതിനും വിവിധ വിഷയങ്ങൾക്കു പരിഹാരം കാണുന്നതിനുമായാണു തിരുവനന്തപുരം മേഖലാതല അവലോകന യോഗം ചേർന്നത്.