ചാപ്പകുത്തിയെന്ന പരാതി വ്യാജം: സൈനികനും സുഹൃത്തും അറസ്റ്റിൽ
Wednesday, September 27, 2023 6:17 AM IST
അഞ്ചല്‍ (കൊല്ലം): അജ്ഞാത സംഘം ആക്രമിച്ച ശേഷം തന്റെ ശരീരത്തിൽ പിഎഫ്ഐ എന്നു ചാപ്പ കുത്തിയെന്ന സൈനികന്റെ പരാതി വ്യാജമെന്നു പോലീസ്. സംഭവത്തിൽ സൈനികനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു.
രാജസ്ഥാനില്‍ സൈനികനായി ജോലി ചെയ്യുന്ന കടയ്ക്കൽ ഇട്ടിവ ചാണപ്പാറ ബി.എസ് ഭവനില്‍ ഷൈനിനെ (35) രണ്ടു ദിവസം മുമ്പ് രാത്രിയില്‍ തടഞ്ഞു നിര്‍ത്തി വായില്‍ ടേപ്പ് ഒട്ടിച്ച ശേഷം ക്രൂരമായി മര്‍ദിക്കുകയും ധരിച്ചിരുന്ന ടീഷര്‍ട്ട് കീറി മുതുകില്‍ പെയിന്റ് കൊണ്ട് പിഎഫ്ഐ എന്നെഴുതി എന്നുമാണു സൈനികന് നല്കിയ പരാതിയില്‍ പറഞ്ഞിരുന്നത്.
പരാതിയുടെ ഗൗരവം മനസിലാക്കി കൊല്ലം റൂറല്‍ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ കടയ്ക്കല്‍ ചിതറ സ്റ്റേഷനുകളിലെ പോലീസ് അന്വേഷണം ആരംഭിച്ചു. കൂടാതെ, റൂറല്‍ ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും ഇതു സംബന്ധിച്ച അന്വേഷണം വ്യാപിപ്പിക്കുകയും ജാഗ്രതപാലിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
തുടര്‍ന്ന് ഇന്നലെ രാവിലെ റൂറല്‍ പോലീസ് മേധാവിയും ഡിവൈഎസ്പിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ എത്തി ഷൈനിന്റെ സുഹൃത്ത് ചാണപ്പാറ മുക്കട ജോഷി സദനത്തില്‍ ജോഷി (40) യെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്തതോടെയാണ് ഇവരുടെ നാടകത്തിന്റെ ചുരുള്‍ അഴിഞ്ഞത്.
പ്രശസ്തിക്കുവേണ്ടി താനാണ്, ഷൈന്‍ പറഞ്ഞതുപ്രകാരം അയാളുടെ ശരീരത്തിൽ ചാപ്പ കുത്തിയതെന്ന് ജോഷി പോലീസിനോടു പറഞ്ഞു.കലാപം സൃഷ്ടിക്കാന്‍ ശ്രമം, ഗൂഢാലോചന തുടങ്ങി ഗുരുതരവകുപ്പുകള്‍ ചുമത്തിയാണ് ഇരുവരുടെയും അറസ്റ്റ് ചെയ്തത്. കടയ്ക്കല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.