പുറമേ നായപരിശീലനം, അകമേ കഞ്ചാവ് കച്ചവടം!
Tuesday, September 26, 2023 6:57 AM IST
കോട്ടയം: കഞ്ചാവ് ശേഖരം പിടികൂടാനെത്തിയ പോലീസ് സംഘത്തിനുനേരേ വളര്‍ത്തുനായ്ക്കളെ അഴിച്ചുവിട്ട് നടത്തിപ്പുകാരനായ യുവാവ് ഓടിമറഞ്ഞു.
കുമാരനല്ലൂര്‍ വല്യാലുംമൂടിനു സമീപം ഡെല്‍റ്റ 9 എന്ന സ്ഥാപനം നടത്തുന്ന കൊശമറ്റം കോളനി തെക്കേത്തുണ്ടത്തില്‍ റോബിന് ജോര്‍ജിനായി (35) പോലീസ് തെരച്ചില്‍ തുടങ്ങി. നായപരിശീലന കേന്ദ്രത്തിന്റെ മറവിലായിരുന്നു ലഹരി ഇടപാടുകള്‍. ഇവിടെ ബാഗുകളില്‍ സൂക്ഷിച്ചിരുന്ന 17.8 കിലോ കഞ്ചാവ് കണ്ടെടുത്തു. കാക്കി നിറത്തിലുള്ള തുണി കണ്ടാല്‍ അത് കടിച്ചു കീറാനുള്ള പരിശീലനം നായ്ക്കള്‍ക്ക് റോബിന് നല്‍കിയിരുന്നതായി പോലീസ് പറഞ്ഞു.
യൂണിഫോമില്‍ പോലീസ് റെയ്ഡിനെത്തിയാല്‍ ആക്രമിക്കാനുള്ള പരിശീലനത്തിന്റെ ഭാഗമായിരുന്നു ഇത്. ഞായറാഴ്ച രാത്രി 10ന് ഇടപാടുകാരനെന്ന വ്യാജേന സ്ഥാപനത്തിന്റെ മതിലിന് സമീപത്തേക്കു വിളിച്ച് സംസാരിക്കുന്നതിനിടെ അപകടം മണത്ത റോബിന് എതിരാളികളെ കൊലപ്പെടുത്താന്‍ ശേഷിയുള്ള അമേരിക്കന്‍ ബുള്ളി ഇനം നായ്ക്കളെ അഴിച്ചുവിട്ടശേഷം മതില് ചാടി പിന്നിലെ പാടത്തിലൂടെ ഇരുളില്‍ മറയുകയായിരുന്നു. ഇടപാടുകാരനെന്നു സംശയിക്കുന്നയാളും രക്ഷപ്പെട്ടു. മതിലിനുള്ളിലേക്കു കയറിയ പോലീസിനു നേരേ നായ്ക്കള്‍ കുരച്ചു വന്നതോടെ ഉദ്യോഗസ്ഥര്‍ വേഗം പുറത്തെത്തി ഗേറ്റ് അടച്ചു.
പിന്നീട് ഡോഗ് സ്ക്വാഡ് നായ്ക്കളെ അനുനയിപ്പിച്ചു പൂട്ടിയ ശേഷമാണു വീടിനുള്ളില്‍ പരിശോധന നടത്തിയത്. കിടപ്പുമുറിയിലെ കട്ടിലില്‍ രണ്ട് ബാഗിനുള്ളിലായിരുന്നു കഞ്ചാവ്. ആക്രമകാരികളായ അമേരിക്കന്‍ ബുള്ളി, റോട്ട് വീലര്‍ തുടങ്ങി 13 നായ്ക്കളാണ് വീട്ടിലുണ്ടായിരുന്നത്.
ഡോഗ് ഹോസ്റ്റല്‍ നടത്തിപ്പിനായി ഒന്നര വര്‍ഷം മുൻപാണ് റോബിന് വീടും പറമ്പും ചെങ്ങന്നൂര്‍ സ്വദേശിനിയില്‍നിന്നു വാടകയ്ക്കെടുത്തത്. ഗര്‍ഭിണിയായ ഭാര്യയ്ക്കൊപ്പമായിരുന്നു റോബിന്റെ താമസം. ഇയാളുടെ ഭാര്യ സ്ഥലത്തില്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു പോലീസ് പരിശോധന.
വിശദമായ അന്വേഷണത്തിനായി കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് പറഞ്ഞു.
കഴിഞ്ഞ ദിവസം സമീപവാസിയായ ഡോക്ടറെയും കുട്ടിയെയും നായ ആക്രമിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തപ്പോൾ ധിക്കാരപരമായ പ്രതികരണമാണ് റോബിനില്നിന്നുണ്ടായത്. നിരവധി പേര് ഇവിടെ വന്നു പോകുന്നതായി നഗരസഭയ്ക്ക് റെസിഡന്റ്സ് അസോസിയേഷന് പരാതി നല്‍കിയിരുന്നതായി കൗണ്‍സിലര്‍ എം.ടി. മോഹനന് പറഞ്ഞു.