സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു സഹോദരിമാരടക്കം അഞ്ചുപേർ മരിച്ചു
സ്വന്തം ലേഖകന്‍
Tuesday, September 26, 2023 6:57 AM IST
ബദിയഡുക്ക (കാസര്‍ഗോഡ്): ബദിയഡുക്ക പള്ളത്തടുക്കയില്‍ ഓട്ടോറിക്ഷയില്‍ സ്കൂള്‍ ബസിടിച്ച് ബന്ധുക്കളായ നാലു സ്ത്രീകളടക്കം അഞ്ചുപേര്‍ മരിച്ചു.
മൊഗ്രാല്‍-പുത്തൂര്‍ മൊഗറിലെ ഇസ്മായില്‍ കടവത്തിന്റെ ഭാര്യ ഉമ്മാലിയുമ്മ (55), മൊഗറിലെ ഉസ്മാന്റെ ഭാര്യ ബീഫാത്തിമ (50), ബെള്ളൂരിലെ ബി.എ.അബ്ബാസിന്റെ ഭാര്യ നബീസ (48), മൊഗ്രാല്‍-പുത്തൂര്‍ മൊഗറിലെ പരേതനായ ഷെയ്ഖ് അലി കടവത്തിന്റെ ഭാര്യ ബീഫാത്തിമ (72), ഓട്ടോ ഡ്രൈവര്‍ കുഡ്ലു എരിയാലിലെ എ.എച്ച്. അബ്ദുള്‍ റൗഫ് (64) എന്നിവരാണു മരിച്ചത്. ഇതില്‍ ഉമ്മാലിയുമ്മ, ബീഫാത്തിമ, നബീസ എന്നിവര്‍ സഹോദരിമാരാണ്. ബീഫാത്തിമ ഇവരുടെ മാതൃസഹോദരിയും. അഞ്ചുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
ഇന്നലെ വൈകുന്നേരം 5.30ഓടെ ചെര്‍ക്കള-അഡ്ക്കസ്ഥല സംസ്ഥാനപാതയിലെ പള്ളത്തടുക്കയിലായിരുന്നു അപകടം. ഇവരുടെ ഒരു ബന്ധു ഇന്നലെ മരിച്ചിരുന്നു. അവിടെപ്പോയി മടങ്ങിവരവേയാണ് അപകടമുണ്ടായത്. ബദിയഡുക്ക മാന്യയിലെ ഗ്ലോബല്‍ പബ്ലിക് സ്കൂളിന്റെ ബസുമായാണ് കൂട്ടിയിടിച്ചത്. കൊടുംവളവ് കഴിഞ്ഞ് ഓട്ടോറിക്ഷ ചെറിയൊരു കയറ്റം കയറുന്നതിനിടെയാണ് എതിര്‍ഭാഗത്തുനിന്നു വന്ന ബസിടിച്ച് അപകടമുണ്ടായത്. റോഡിന്റെ അറ്റകുറ്റപ്പണി നടക്കുകയായിരുന്നു. അതിനാല്‍ റോഡില്‍ മാര്‍ക്കിംഗോ സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകളോ ഉണ്ടായിരുന്നില്ല.
കുട്ടികളെ വിട്ട് മടങ്ങിവരികയായിരുന്നതിനാല് അപകടസമയത്ത് സ്കൂള്‍ ബസില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു.
മൃതദേഹങ്ങള്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. കബറടക്കം ഇന്നു നടക്കും. സ്കൂള്‍ ബസ് ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യക്കു കേസെടുത്തിട്ടുണ്ട്.
അസ്ഹറുദ്ദീന്, സന എന്നിവരാണ് ഉമ്മാലിയുമ്മയുടെ മക്കള്‍. മുംതാസ്, മുനീറ, മുബഷീര്‍ എന്നിവരാണ് ബീഫാത്തിമയുടെ മക്കള്‍. ഫൗസിയ, ഫായിസ, ഫമീസ, നിഷാന, മുര്‍തല എന്നിവരാണ് നബീസയുടെ മക്കള്‍. ഇവരുടെ മാതൃസഹോദരിയായ ബീഫാത്തിമയ്ക്ക് ഏഴു മക്കളുണ്ട്. ഭര്‍ത്താവ് 12 വര്‍ഷം മുമ്പ് മരിച്ചിരുന്നു. ഓട്ടോ ഡ്രൈവര്‍ റൗഫ് ഏറെക്കാലം ദുബായില്‍ ഡ്രൈവറായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ഓട്ടോറിക്ഷ വാങ്ങി നാട്ടില്‍ സ്ഥിരതാമസമാക്കിത്.