ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കുറ്റമറ്റതാക്കും: മന്ത്രി ശിവൻകുട്ടി
Tuesday, September 26, 2023 6:15 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെയും ഭരണച്ചെലവ് കുറയ്ക്കുന്നതിന്റെയും ഭാഗമായി ബോർഡുകളുടെ സംയോജന നടപടികൾ വേഗത്തിലാക്കുമെന്നു മന്ത്രി വി. ശിവൻകുട്ടി.
ക്ഷേമനിധി ബോർഡുകളുടെ ആദ്യഘട്ട ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. നിലവിലുള്ള 16 ബോർഡുകളെ 11 എണ്ണമായാണ് സംയോജിപ്പിക്കുക.
പ്രവർത്തനം കൂടുതൽ കുറ്റമറ്റതാക്കുന്നതിന് സംയോജനം സഹായകമാകും. ആനുകൂല്യ വിതരണത്തിലെ കാലതാമസം, ആനുകൂല്യങ്ങളുടെ ഇരട്ടിപ്പ്, അനർഹരായവരുടെ കയറിക്കൂടൽ തുടങ്ങിയ ക്രമക്കേടുകൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. ഇതിനായി കൃത്യമായ പരിശോധനകളുണ്ടാവും.