മധുവിന് ആയുഷ്കാല സംഭാവനയ്ക്കുള്ള പുരസ്കാരം
Tuesday, September 26, 2023 6:15 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ വയോസേവന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നടൻ മധുവിന് ആജീവനാന്ത പുരസ്കാരം നൽകും. മഹാനടന് സാമൂഹ്യനീതി വകുപ്പിന്റെ നവതി സമ്മാനമാണ് ഈ പുരസ്കാരമെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു.
ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരം കർഷകനായ പദ്മശ്രീ ചെറുവയൽ കെ. രാമനും പങ്കിട്ടു. ഒരു ലക്ഷം രൂപ വീതമാണ് ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരത്തുക. കല, സാഹിത്യം എന്നീ മേഖലയിൽ ശില്പി വത്സൻ കൊല്ലേരി, ഗായിക മച്ചാട്ട് വാസന്തി എന്നിവരെ പുരസ്്കാരത്തിന് തെരഞ്ഞെടുത്തു. കായിക മേഖലയിലെ മികവിന് ഡോ.പി.സി. ഏലിയാമ്മ പാലക്കാട്, ജി. രവീന്ദ്രൻ കണ്ണൂർ എന്നിവർക്കാണ് പുരസ്കാരം. 25,000 രൂപ വീതമാണ് പുരസ്കാരങ്ങൾ.
മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്കാരം കോഴിക്കോട് ജില്ല നേടി. മികച്ച കോർപറേഷനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്കാരം കോഴിക്കോട് കോർപറേഷനാണ്.
നിലന്പൂർ ആണ് മികച്ച മുനിസിപ്പാലിറ്റി. ഒരു ലക്ഷം രൂപ പുരസ്കാരം. ഒല്ലൂക്കര മികച്ച ബ്ലോക്ക് പഞ്ചായത്തായും (ഒരു ലക്ഷം രൂപ) എലിക്കുളം, അന്നമനട എന്നിവയെ മികച്ച പഞ്ചായത്തുകളായും (അരലക്ഷം രൂപ വീതം) തെരഞ്ഞെടുത്തു. മികച്ച എൻജിഒക്കുള്ള പുരസ്കാരം ഇടുക്കി ജില്ലയിലെ വൊസാർഡും മെയിന്റനൻസ് ട്രിബ്യൂണലിനുള്ള പുരസ്കാരം ഫോർട്ട് കൊച്ചിയും നേടി. 50,000 രൂപ വീതമാണ് പുരസ്കാരങ്ങൾ.
ഈ വർഷം 10 വിഭാഗങ്ങളിലാണ് പുരസ്കാരം. കാഷ് അവാർഡും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്്കാരമെന്നു മന്ത്രി ആർ. ബിന്ദു അറിയിച്ചു. ഒക്ടോബർ ഒന്നിന് വയോജനദിനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.