ആർഷോയാണോ? സാരമില്ല!
സ്വന്തം ലേഖകൻ
Friday, September 22, 2023 5:23 AM IST
തിരുവനന്തപുരം: സുപ്രധാന യോഗം നടക്കുന്നതിനിടെ സംസ്ഥാന കൃഷി പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന്റെ കാബിനിലേക്ക് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ അതിക്രമിച്ചു കടന്നെന്ന പരാതി ഒതുക്കി സർക്കാർ.
ഇതു സംബന്ധിച്ചു കൃഷി പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസിൽനിന്നു നൽകിയ കുറിപ്പു പരാതി അല്ലെന്നും ഒരു മുന്നറിയിപ്പു മാത്രമാണെന്നുമാണ് സെക്രട്ടേറിയറ്റിലെ ചീഫ് സെക്യൂരിറ്റി ഓഫീസർ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കനത്ത ജാഗ്രത പുലർത്താൻ നിർദേശിച്ചിട്ടുണ്ട്. സന്ദർശക അനുമതി തേടിയ ശേഷമാണ് ആർഷോ സെക്രട്ടേറിയറ്റിൽ പ്രവേശിച്ചതെന്നും ഉന്നതർ വിശദീകരിക്കുന്നു.
കേന്ദ്ര കാർഷിക ഉദ്യോഗസ്ഥരുമായുള്ള ഓണ്‍ലൈൻ യോഗം നടക്കുന്നതിനിടെ സെക്രട്ടേറിയറ്റിലെ കൃഷി പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന്റെ ഓഫീസിലേക്ക് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി തള്ളിക്കയറി യോഗം അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്നാണു പരാതി.
ഇതു സംബന്ധിച്ചു കൃഷി സെക്രട്ടറിയുടെ കോണ്‍ഫിഡൻഷ്യൽ അസിസ്റ്റന്റ്, പി.എം. ആർഷോയ്ക്കെതിരേ, ചീഫ് സെക്യുരിറ്റി ഓഫീസർക്കു പരാതി നൽകിയിരുന്നു. കാർഷിക സർവകലാശാലാ വൈസ് ചാൻസലർ എന്ന നിലയിലാണ് ഡോ. ബി. അശോകിനെ കാണാനായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അനുമതി തേടിയത്.
എന്നാൽ യോഗത്തിലായ സാഹചര്യത്തിൽ പിന്നീടു കാണാമെന്ന് അറിയിച്ചു. ഇതിൽ പ്രകോപിതനായ ആർഷോ യോഗം നടക്കുന്ന കാബിനിലേക്ക് തള്ളിക്കയറി യോഗം അലങ്കോലപ്പെടുത്തിയെന്നാണു പരാതി.
മേലിൽ ആർഷോയ്ക്കു സന്ദർശക പാസ് അനുവദിച്ചാലും ഇദ്ദേഹത്തെ നിരീക്ഷിക്കണമെന്നും കൃഷി സെക്രട്ടറിയുടെ ഓഫിസ് ചീഫ് സെക്യൂരിറ്റി ഓഫീസർക്കു നൽകിയ പരാതിയിൽ പറയുന്നു.