കരുവന്നൂർ തട്ടിപ്പ്: ജപ്തി തുകയിലെ അന്തരം അന്വേഷിക്കാൻ നിർദേശം
Friday, September 22, 2023 5:15 AM IST
ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ മൊത്തം തുകയും റവന്യു റിക്കവറിക്ക് ഉത്തരവായ തുകയും തമ്മിൽ അന്തരമുണ്ടായതിൽ അന്വേഷണത്തിനു നിർദേശം. കരുവന്നൂർ ബാങ്ക് എക്സ്റ്റൻഷൻ കൗണ്ടർ മുൻ മാനേജർ എം.വി. സുരേഷ് ജില്ലാ കളക്ടർക്കു നേരിട്ടു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.
227 കോടിയുടെ തട്ടിപ്പാണു സഹകരണവകുപ്പ് കണ്ടെത്തിയത്. 125.83 കോടിയുടെ റിക്കവറിക്കായിരുന്നു ഉത്തരവ്. ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ തുടങ്ങി 24 പേരിൽനിന്നാണു തുകയീടാക്കേണ്ടത്. പ്രതികൾ തുക തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് സഹകരണവകുപ്പ് റിക്കവറി ആവശ്യപ്പെട്ടിരുന്നു. വകുപ്പിലെ ഒന്‍പതംഗ സമിതിയാണു തട്ടിപ്പുതുക കണ്ടെത്തിയത്. മാനേജർ ബിജു കരീമിന്റേത് 25.84 കോടിയാണെന്നാണു റിപ്പോർട്ടിലുള്ളതെങ്കിലും റവന്യു റിക്കവറിയിലുള്ളത് 12.26 കോടി മാത്രമാണ്.
റബ്കോ മുൻ കമ്മീഷൻ ഏജന്റ് ബിജോയിയുടെ പേരിൽ 35.65 കോടിയുണ്ടെങ്കിലും 20.72 ലക്ഷം മാത്രമാണ് റവന്യു റിക്കവറിയിലുള്ളത്. 5.73 കോടി തട്ടിയ മുൻ സീനിയർ അക്കൗണ്ടന്റ് സി.കെ. ജിൽസിന്റെ പേരിൽ 19.91 ലക്ഷത്തിനു മാത്രമാണു ജപ്തി. സമാനമായ വ്യത്യാസം മറ്റ് തുകകളിലുമുണ്ട്.
പ്രത്യക്ഷത്തിൽ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി തുക കുറച്ചെന്നും ഇതിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നുമാണ് ആരോപണം. പ്രതികൾ സ്റ്റേ നേടിയതിനാൽ ജപ്തി നിർത്തി.
സഹകരണവകുപ്പ് സെക്രട്ടറിക്കു നൽകിയ അപ്പീലിനെത്തുടർന്നാണ് ഇവർ ഹൈക്കോടതിയിൽനിന്നു സ്റ്റേ നേടിയത്. ഇതിനിടെ, ബാങ്കിനു കീഴിലെ റബ്കോ ഏജൻസിയിൽ കമ്മീഷൻ ഏജന്റിനെ നിയമിച്ചതു ചട്ടവിരുദ്ധമായിട്ടാണെന്നും വിവരമുണ്ട്.
നിയമനത്തിനു സഹകരണവകുപ്പ് അനുമതി നൽകിയിട്ടില്ല. വകുപ്പ് ഉന്നതലസമിതി ഇക്കാര്യം കണ്ടെത്തിയിരുന്നു. ഫർണിച്ചറുകൾ, മാട്രസ് എന്നിവയുടെ വിൽപ്പനയിലൂടെ 10 മുതൽ 14 ശതമാനം വരെ ലാഭം കിട്ടും. വാഹന-ഗോഡൗണ്‍ വാടക, ശന്പളം, കമ്മീഷൻ, ഇതര ചെലവ് കഴിച്ചാലും ബാങ്കിനു മൂന്നു ശതമാനം ലാഭം കിട്ടേണ്ടതാണ്. ഇതു കിട്ടിയില്ലെന്നും തട്ടിപ്പുണ്ടെന്നുമാണ് ആക്ഷേപം.
ബാങ്കിനെ ആരും സഹായിച്ചില്ല; റബ്കോ, സ്വകാര്യബാങ്കുകളിലെ നിക്ഷേപവും തിരിച്ചുപിടിച്ചില്ല
ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്കിലെ നിക്ഷേപകരെ സഹായിക്കാൻ കണ്സോർഷ്യമുണ്ടാക്കുമെന്ന സഹകരണ വകുപ്പിന്റെ ഉറപ്പ് പാഴായി. റബ്കോയിൽ നിക്ഷേപിച്ച എട്ടുകോടിയുൾപ്പെടെ മറ്റു നിക്ഷേപങ്ങൾ തിരിച്ചുപിടിച്ചില്ല. ബാങ്കിൽ 200 കോടിയോളം നിക്ഷേപിച്ച 1200 പേരുടെ പ്രതിസന്ധിക്കു പരിഹാരവുമില്ല. സഹകരണനിയമം ലംഘിച്ച് കരുവന്നൂർ ബാങ്ക് പല ധനകാര്യസ്ഥാപനങ്ങളിലും അക്കൗണ്ട് തുറന്നു ലക്ഷങ്ങളുടെ സ്ഥിരനിക്ഷേപം നടത്തിയിട്ടുണ്ട്. ഇവ തിരിച്ചെടുക്കാൻ നടപടിയില്ല.
കരുവന്നൂർ ബാങ്കിനെ സഹായിക്കാൻ സഹകരണസംഘങ്ങളുടെ കണ്‍സോർഷ്യം ഉണ്ടാക്കുമെന്നാണ് ആദ്യം സർക്കാർ അറിയിച്ചത്. നിക്ഷേപത്തിനു സർക്കാർ നിശ്ചിത ശതമാനം പലിശയുറപ്പാക്കുമെന്നു പറഞ്ഞിരുന്നെങ്കിലും മുന്നോട്ടു പോയില്ല. കരുവന്നൂർ ബാങ്കിനെ സഹായിക്കാൻ രംഗത്തെത്തിയ നാല് അർബൻ ബാങ്കുകളെ റിസർവ് ബാങ്ക് വിലക്കിയതോടെ സ്ഥിതി രൂക്ഷമായി. 2021 മുതൽ കരുവന്നൂർ ബാങ്കിലെ നിക്ഷേപകർ പണംകിട്ടാതെ പ്രതിസന്ധിയിലാണ്.
പരമാവധി വായ്പ 50 ലക്ഷം; മറികടന്നെടുത്തത് 279 പേർ
ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണബാങ്കിലെ പരമാവധി വായ്പ 50 ലക്ഷമാണെന്നിരിക്കേ മറികടന്നെടുത്തത് 279 പേർ. ഇതിൽ 84 പേരുടെ വായ്പ ഒരു കോടിക്കു മുകളിൽ. ഒൻപതു പേരുടെ വായ്പ അഞ്ചു കോടിക്കു മുകളിലും. 50 ലക്ഷത്തിനുമേൽ വായ്പയെടുത്തവരിൽ മിക്കവരും ഒരേ സ്ഥലത്തിന്റെ ഈടിലാണ് ഒന്നിലധികം വായ്പകളെടുത്തത്.
ബാങ്കിലെ വായ്പ ഇടപാടുകളിൽ സഹകരണനിയമം ചട്ടവും ബാങ്ക് നിയമാവലി രജിസ്ട്രാറും സർക്കുലറിലെ നിർദേശങ്ങളും പാലിക്കാതെ വായ്പകൾ അനുവദിച്ചിട്ടുള്ളതായും ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുള്ളതായും സഹകരണവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
വായ്പ അനുവദിക്കുന്നതിൽ നീതിയുക്തമല്ലാത്ത പക്ഷഭേദം കാണിച്ചിട്ടുള്ളതായും നടപടിക്രമങ്ങൾ പാലിക്കാതെയും നിയമാനുസൃതം ഗഹാൻ ഇല്ലാതെയും വസ്തു ഈട് വായ്പകൾ ക്രമവിരുദ്ധമായി വളരെയധികം അനുവദിക്കപ്പെട്ടിട്ടുള്ളതായും കണ്ടെത്തി.
ഈടുവസ്തുക്കളുടെ മൂല്യനിർണയം ക്രമപ്രകാരം നടത്താതെ വ്യവസ്ഥകൾക്കു വിരുദ്ധമായി ബാങ്കിന്റെ പ്രവർത്തനപരിധിക്കു പുറത്ത് ഒരു വസ്തുവിന്റെ ഈടിൻമേൽത്തന്നെ പല വായ്പകൾ അനുവദിച്ചിട്ടുള്ളതായും റിപ്പോർട്ടിലുണ്ടായിരുന്നു. ഇത്തരം ക്രമക്കേടുകളാണു ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്. ഇത്തരം വായ്പകൾ ഇഡിയുടെ പരിശോധനയിലാണ്.