താമരശേരി വനംവകുപ്പ് ഓഫീസ് ആക്രമിച്ചെന്ന കേസ്; കർഷകരെ കോടതി വെറുതേ വിട്ടു
Thursday, September 21, 2023 1:41 AM IST
കോഴിക്കോട്: താമരശേരി വനംവകുപ്പ് ഓഫീസ് ആക്രമിച്ചുവെന്ന പരാതിയിൽ താമരശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ 35 കർഷകരെ കോടതി വെറുതേ വിട്ടു.
കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിയാത്തതിനാൽ എരഞ്ഞിപ്പാലത്തെ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോർട്ട് (മാറാട് സ്പെഷൽ കോടതി) ജഡ്ജി എസ്.ആർ. ശ്യാംലാലാണു കർഷകരെ വെറുതെ വിട്ടത്.
കസ്തൂരിരംഗൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതിനെതിരേ 2013 നവംബർ 15നു കർഷക സംരക്ഷണ സമിതി നടത്തിയ മലയോര ഹർത്താലിനിടെ അക്രമം നടത്തിയെന്നായിരുന്നു കർഷകരുടെ മേൽ ആരോപിക്കപ്പെട്ട കുറ്റം.
സംഘടിതരായി എത്തിയ കർഷകർ താമരശേരി ഫോറസ്റ്റ് ഓഫീസിന് തീയിട്ടുവെന്നും ഫയലുകൾ നശിപ്പിച്ചുവെന്നും ആരോപിച്ചാണു പോലീസ് കോടതിയിൽ കുറ്റപത്രം നൽകിയത്. എന്നാൽ, വിചാരണ വേളയിൽ കർഷകർക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല.
അന്നത്തെ താമരശേരി ഡിവൈഎസ്പി ജയ്സണ് കെ. ഏബ്രഹാം ആയിരുന്നു കേസിലെ ഒന്നാം സാക്ഷി. ഡിവൈഎസ്പി അടക്കം 29 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. ഇരുനൂറോളം പേർക്കെതിരേയായിരുന്നു പോലീസ് കേസ്.
വിചാരണയ്ക്കിടെ ഒരു വൈദികനടക്കം മൂന്നുപേരെക്കൂടി പ്രതി ചേർക്കാനുള്ള പ്രോസിക്യൂഷന്റെ അപേക്ഷ, തെളിവില്ലെന്നു കണ്ട് കോടതി തള്ളിക്കളഞ്ഞിരുന്നു. ഐപിസി 436, 149, 143, 148, 147, 145 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. താമരശേരി, കട്ടിപ്പാറ, തിരുവന്പാടി, പുല്ലൂരാംപാറ, കോടഞ്ചേരി, ചെന്പുകടവ്, ചിപ്പിലിത്തോട്, അടിവാരം തുടങ്ങിയ സ്ഥലങ്ങളിലെ കർഷകരായിരുന്നു കേസിലെ പ്രതികൾ.
അഞ്ചാംപ്രതിയായ സുരേഷ് എന്നയാൾ വിചാരണയ്ക്കിടെ മരിച്ചിരുന്നു. കർഷകർക്കുവേണ്ടി അഭിഭാഷകരായ എൻ. ഭാസ്കരൻനായർ, ഷെഹീർസിംഗ്, എം. അശോകൻ, റോബിൻസ് തോമസ്, ബെന്നി തോമസ് എന്നിവർ ഹാജരായി. നിരപരാധിത്വം തിരിച്ചറിഞ്ഞ് കോടതി തങ്ങളെ വെറുതെ വിട്ടതിൽ മലയോര മേഖലകളിലെ കർഷകർ ആഹ്ളാദത്തിലാണ്.