മെഡിക്കോ ലീഗൽ പരിശോധനയ്ക്ക് മാർഗനിർദേശമായി; അക്രമാസക്തരായ പ്രതികളെ കൈവിലങ്ങ് അണിയിക്കണം
Thursday, September 21, 2023 12:28 AM IST
തിരുവനന്തപുരം: മദ്യം, മയക്കുമരുന്ന് തുടങ്ങിയവ ഉപയോഗിക്കുന്ന ആക്രമണ സ്വഭാവമുള്ളവരെ ആശുപത്രികളിൽ ഹാജരാക്കുന്പോൾ കൈവിലങ്ങ് നിർബന്ധമായും അണിയിക്കണമെന്ന് നിർദേശം. വൈദ്യ പരിശോധനയ്ക്ക് ആവശ്യമാണെന്ന് മെഡിക്കൽ ഓഫീസർ അറിയിക്കുന്ന സാഹചര്യത്തിൽ മാത്രമേ കൈവിലങ്ങ് അഴിച്ചു മാറ്റേണ്ടതുള്ളു.
ഇത്തരം സാഹചര്യങ്ങളിൽ അപകടകരമായ സ്ഥിതിവിശേഷമുണ്ടായാൽ പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലും കസ്റ്റഡിയിലുള്ള വ്യക്തിയെ കാണാനാകും വിധത്തിലും പോലീസ് നിലയുറപ്പിക്കണം.
അപകട സാധ്യത വിലയിരുത്തി വേണം വിലങ്ങോ ശാരീരിക നിയന്ത്രണമോ ഒഴിവാക്കേണ്ടത്. മെഡിക്കൽ പ്രാക്ടീഷണർ ആവശ്യപ്പെട്ടാൽ മാത്രമേ അത്തരം വ്യക്തികളുടെ അടുത്തുനിന്നും പോലീസ് ഉദ്യോഗസ്ഥർ മാറിനിൽക്കാവൂ.
വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്ന വ്യക്തിക്കൊപ്പം ആവശ്യത്തിന് പോലീസുകാരുണ്ടാകണമെന്നും പരിശോധിക്കുന്ന ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം അവർക്കായിരിക്കുമെന്നും മന്ത്രിസഭ അംഗീകരിച്ച മെഡിക്കൽ-ലീഗൽ പരിശോധനാ മാർഗനിർദേശങ്ങൾ വ്യക്തമാക്കുന്നു.
പോലീസ് കസ്റ്റഡിയിലെടുത്തയാളെ പരിശോധനയ്ക്കായി ഡോക്ടറുടെ മുന്നിലോ നിയമനടപടികൾക്കായി മജിസ്ട്രേറ്റ് മുന്പാകെയോ ഹാജരാക്കുന്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളടങ്ങിയ മാർഗനിർദേശം ആഭ്യന്തരവകുപ്പാണ് തയാറാക്കി മന്ത്രിസഭയുടെ പരിഗണനയ്ക്ക് കൊണ്ടുവന്നത്.