സ്ത്രീകള്‍ക്കായുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി
Thursday, September 21, 2023 12:28 AM IST
സീമ മോഹന്‍ലാല്‍
കൊച്ചി: സ്ത്രീസുരക്ഷയ്ക്ക് പ്രാമുഖ്യം നല്കി കേരള പോലീസ് ആവിഷ്കരിച്ച സ്വയം പ്രതിരോധ പരിശീലനപരിപാടിയിലൂടെ സംസ്ഥാനത്ത് പോലീസിന്റെ പരിശീലനം ലഭിച്ചത് അഞ്ചു ലക്ഷത്തിലധികം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും.
ആയുധമൊന്നും ഇല്ലാതെ അക്രമിയെ നേരിടേണ്ടത് എങ്ങനെയെന്നാണ് തികച്ചും സൗജന്യമായി നടക്കുന്ന പരിശീലന പരിപാടിയില്‍ പഠിപ്പിക്കുന്നത്. വിദ്യാലയങ്ങള്‍, റെസിഡന്റ്സ് അസോസിയേഷനുകള്‍, കുടുംബശ്രീ കൂട്ടായ്മകള്‍ എന്നിങ്ങനെ സ്വയം പ്രതിരോധ പരിശീലനം വേണ്ട ആര്‍ക്കും പ്രത്യേക പരിശീലനം ലഭിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥരടങ്ങുന്ന ടീം പരിശീലനം നല്‍കും.
പരിശീലനം നേടിയവരില്‍ നാലുവയസുകാരി മുതല്‍ എണ്‍പതുകാരി വരെ
പോലീസിന്റെ പരിശീലനം ലഭിച്ചതില്‍ നാലു വയസുകാരി മുതല്‍ എണ്‍പതുവയസുകാരി വരെയുണ്ട്. ഈ വര്‍ഷം ഇതുവരെ സംസ്ഥാനത്ത് 82,966 സ്ത്രീകളും പെണ്‍കുട്ടികളുമാണ് സ്വയം പ്രതിരോധ പരിശീലനം നേടിയത്. 2022ല്‍ ഇത് 1,48,527ഉം 2021 ല്‍ 48,200ഉം, 2020ല്‍ 11,78,425ഉം ആയിരുന്നു. ഈ വര്‍ഷം ഇതുവരെ സംസ്ഥാനത്തെ 250 സ്കൂളുകളില്‍നിന്നായി 32,579 പെണ്‍കുട്ടികളാണ് സ്വയം പ്രതിരോധ പരിശീലനം നേടിയത്.
കൊല്ലം സിറ്റിയില്‍നിന്ന് 13,536 പെണ്‍കുട്ടികള്‍ പരിശീലനം നേടി. 2,848 പേരുമായി തിരുവനന്തപുരം റൂറല്‍ രണ്ടാം സ്ഥാനത്തും 2472 സ്കൂള്‍ വിദ്യാര്‍ഥിനികളുമായി കോഴിക്കോട് സിറ്റി മൂന്നാം സ്ഥാനത്തുമുണ്ട്.
സംസ്ഥാനത്തെ 176 കോളജുകളില്‍നിന്നായി 16,757 വിദ്യാര്‍ഥിനികളാണ് സ്വയം പ്രതിരോധ പരിശീലനം നേടിയത്. 3149 വിദ്യാര്‍ഥിനികളുമായി കോഴിക്കോട് സിറ്റിയും 1875 വിദ്യാര്‍ഥിനികളുടെ പരിശീലനവുമായി കോട്ടയം ജില്ലയും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. റെസിഡന്റ്സ് അസോസിയേഷനുകളിലും മറ്റു സ്ഥാപനങ്ങളിലും ഈ വര്‍ഷം ഇതുവരെ പോലീസ് നല്കിയ ക്ലാസുകളിലൂടെ 33,630 പേരാണു പരിശീലനം നേടിയത്.
കൊച്ചി സിറ്റിയിലെ 640 സ്കൂള്‍ വിദ്യാര്‍ഥിനികളും 755 കോളജ് വിദ്യാര്‍ഥിനികളും റൂറല്‍ ജില്ലയിലെ 690 കോളജ് വിദ്യാര്‍ഥിനികളും റെസിഡന്റ്സ് അസോസിയേഷനുകളുമായി ബന്ധപ്പെട്ട് സിറ്റി, റൂറല്‍ ജില്ലകളില്‍നിന്നായി 7,545,414 എന്നിങ്ങനെ സ്ത്രീകളും ഈ വര്‍ഷം ഇതുവരെ സ്വയം പ്രതിരോധ പരിശീലനപരിപാടിയുടെ ഭാഗമായി.
ആവശ്യപ്പെടുന്ന സ്ഥലത്ത് സൗകര്യപ്രദമായ സമയത്ത് പരിശീലനം ലഭിക്കുമെന്നതാണ് ഇതിന്റെ സവിശേഷത. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ സേവനം ലഭ്യമാണ്. സ്വയം പ്രതിരോധ പരിശീലനം ആവശ്യമുള്ളവര്‍ nodalofficer.wsdt.phq @gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ പോലീസുമായി ബന്ധപ്പെടണം.