ഐജി ലക്ഷ്മണിന് കോടതിയുടെ രൂക്ഷവിമര്‍ശനം
Wednesday, September 20, 2023 12:31 AM IST
കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉള്‍പ്പെട്ട ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടിയ ഐജി ഗുഗുലോത്ത് ലക്ഷ്മണിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
ഹര്‍ജിയിലെ വിവാദ പരാമര്‍ശം തന്റെ അറിവില്ലാതെ അഭിഭാഷകന് കൂട്ടിച്ചേര്‍ത്തതാണെന്ന് വിശദീകരിച്ചാണ് ഹര്‍ജി പിന്‍വലിക്കാന്‍ ലക്ഷ്മണ് അനുമതി തേടിയത്. ഹര്‍ജിയിലെ പരാമര്‍ശങ്ങളില്‍ അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാനാവില്ലെന്ന് അപേക്ഷ പരിഗണിച്ച ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് പറഞ്ഞു. അഭിഭാഷകനെ കുറ്റപ്പെടുത്തിയുള്ള സത്യവാങ്മൂലം ഒഴിവാക്കി പുതിയ സത്യവാങ്മൂലം നല്‍കാനും ആവശ്യപ്പെട്ടു.
അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാന്‍ നോക്കരുത്. ഇതു കോടതി നടപടികളെ പ്രഹസനമാക്കുന്നതിന് തുല്യമാണ്. ഐജി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനാണ് ഇതു പറയുന്നതെന്ന് ഓര്‍ക്കണം.ഈ ആരോപണങ്ങള്‍ അഭിഭാഷകന്റെ ഭാവിയെ ബാധിക്കുന്നതാണ്. ഈ വിശദീകരണം ഉള്‍പ്പെടുത്തിയുള്ള സത്യവാങ്മൂലം പിന്‍വലിച്ചു പുതിയതു നല്‍കണം.
അല്ലെങ്കില്‍ കനത്ത പിഴ ചുമത്തേണ്ടി വരും - ഹൈക്കോടതി പറഞ്ഞു.വ്യാജപുരാവസ്തുക്കളുപയോഗിച്ച് മോന്സണ് മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ച് തന്നെ പ്രതി ചേര്‍ത്തതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി വിവാദമായതോടെയാണ് പിന്‍വലിക്കാന്‍ ഐജി ലക്ഷ്മണ് അനുമതി തേടിയത്.