ബന്ധുനിയമന പരാതി പരിഗണിക്കാൻ വിജിലൻസ് കോടതി
Wednesday, September 20, 2023 12:31 AM IST
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കം 16 യുഡിഎഫ് നേതാക്കൾക്കെതിരേ ബന്ധു നിയമന ഹർജി ഈ മാസം 29 -ാം തീയതി വീണ്ടും പരിഗണിക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു. പൊതുപ്രവർത്തകനായ എ.എച്ച്. ഹഫീസ് ആണു പരാതി ഫയൽ ചെയ്തിരുന്നത്.
ഇ.പി. ജയരാജനെതിരായി ബന്ധുനിയമന ആരോപണം ഉന്നയിച്ച് രമേശ് ചെന്നിത്തല വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയ സാഹചര്യത്തിലാണ് 2016ൽ താനും 16 യുഡിഎഫ് നേതാക്കൾക്കെതിരേ പരാതി നൽകിയിരുന്നതെന്നു ഹഫീസ് പറഞ്ഞിരുന്നു.
2016ൽത്തന്നെ ഈ കേസ് വിജിലൻസിന് അന്വേഷണത്തിനു കൈമാറിയെങ്കിലും വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ നിയമനത്തിൽ പെട്ടവർ മാത്രമേ എഫ്ഐആറിൽ ഉൾപ്പെട്ടിരുന്നുള്ളൂ. തുടർന്ന് ഇക്കാര്യത്തിൽ തന്റെ ഭാഗം വിശദീകരിക്കാൻ പരാതിക്കാരനെ ഇന്നലെ കോടതി വിളിച്ചുവരുത്തിയപ്പോൾ നിയമനം ലഭിച്ചവർ മാത്രം പ്രതികളാക്കുകയും നിയമനം നൽകിയവർ പ്രതികളാകാതെയും പോയ സാഹചര്യത്തെക്കുറിച്ച് പുനരന്വേഷണം വേണമെന്നു പരാതിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്നാണ് ഇക്കാര്യം രേഖാമൂലം എഴുതി നൽകാൻ സമയം അനുവദിച്ച് ഈ മാസം 29നു കേസ് വീണ്ടും പരിഗണിക്കാൻ മാറ്റിവച്ചത്.
മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മുൻമന്ത്രി അനൂപ് ജേക്കബ്, എം. വിൻസന്റ് എംഎൽഎ, മുൻ എംഎൽഎ ആർ. സെൽവരാജ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.