മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ സ്പെഷല്‍ ഓഫീസർ വേണ്ടെന്ന് സര്‍ക്കാര്‍
Wednesday, September 20, 2023 12:31 AM IST
കൊച്ചി: മൂന്നാര്‍ മേഖലയിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ സ്പെഷല്‍ ഓഫീസറെ നിയോഗിക്കേണ്ടതില്ലെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും കൈയേറ്റവുമായി ബന്ധപ്പെട്ട കേസുകള്‍ രണ്ടു മാസത്തിനുള്ളില്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്കുതന്നെ തീര്പ്പാക്കാനാവുമെന്നാണ് കരുതുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും അനധികൃത നിര്‍മാണങ്ങള്‍ തടയണമെന്നുമാവശ്യപ്പെട്ട് വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന സംഘടനയടക്കം നല്കിയ ഹര്‍ജികളിലാണ് സര്‍ക്കാര്‍ അഭിഭാഷകന് ഇതറിയിച്ചത്.
ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തമായ വിശദീകരണം നല്കാന് സമയം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജികള്‍ രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാനായി മാറ്റി.
നേരത്തേ ഈ ഹര്‍ജികളില്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ ഒരു സ്പെഷല്‍ ഓഫീസറെ നിയോഗിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് ഹൈക്കോടതി തേടിയിരുന്നു.
മൂന്നാറില്‍ മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മിക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവനുസരിച്ച് ഇതിനു സ്ഥലം കണ്ടെത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും മൂന്നാറില്‍ ഇരുപത്തഞ്ചോളം അനധികൃത നിര്‍മാണം നടന്നെന്നും ഇതില്‍ ചിലതില്‍ റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
സര്‍ക്കാര്‍ ഭൂമി കൈയേറി റിസോര്‍ട്ടു നിര്‍മിക്കുന്നതു തടയണമെന്ന് അമിക്കസ് ക്യൂറിയും ആവശ്യപ്പെട്ടു. തുടര്‍ന്ന് സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച റിസോര്‍ട്ടുകളുടെ പട്ടിക നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടും സര്‍ക്കാര്‍ നല്‍കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.